ഇന്ത്യ വിട്ടുപോകരുത്; ബൈജു രവീന്ദ്രന് കുരുക്കായി ഇഡി നോട്ടീസ്
രാജ്യത്തെ പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് പുതിയ റിപ്പോർട്ട്. ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനോട് രാജ്യം വിട്ടുപോകരുതെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. 43കാരനായ സംരംഭകനെതിരെ കേന്ദ്ര ഏജൻസി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചുവെന്നാണ് ലഭ്യമായ വിവരം.ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇഡി നിര്‍ദേശിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. നേരത്തെ തന്നെ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലർ നിലവിലുണ്ട്. ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഈ നടപടി.
എന്നാല്‍ ഏജന്‍സിയുടെ അന്വേഷണം പിന്നീട് ബെംഗളുരു ഓഫീസിലേയ്ക്ക് മാറ്റുകയായിരുന്നു.വിദേശ വിനിമയ ചട്ട(ഫെമ) ലംഘനങ്ങള്‍ അന്വേഷിക്കുന്ന ഇഡിയുടെ ബെംഗളുരു ഓഫീസ് ബൈജു രവീന്ദ്രന്‍ രാജ്യം വിടുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് എമിഗ്രേഷന്‍ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങൾക്ക് ഇടയിൽ തുടര്‍ച്ചയായി ഡല്‍ഹിക്കും ദുബായ്ക്കും ഇടയില്‍ ബൈജു രവീന്ദ്രൻ യാത്ര ചെയ്യുന്നുണ്ട്. ഫെമ നിയമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അന്വേഷണ ഏജൻസി നിലപാട് കടുപ്പിക്കുന്നത്.
അതേസമയം, ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് ഉഴലുകളായാണ് ഈ സ്ഥാപനം . കഴിഞ്ഞ കുറച്ച് കാലമായി ബൈജൂസുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നത് നല്ല വർത്തകളല്ല. അടുത്തിടെ ബൈജൂസ് സ്ഥാപകരായ ബൈജു രവീന്ദ്രനെയും, ദിവ്യ ഗോകുൽനാഥിനെയും പുറത്താക്കാനുള്ള നീക്കങ്ങൾ നിക്ഷേപകർ ആരംഭിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.കൂടാതെ അമേരിക്കന്‍ ഇന്‍വെസ്‌റ്റ്മന്റ് കമ്പനിയായ ബ്ലാക്ക്‌റോക്ക് ബൈജൂസിന്റെ മൂല്യം വെട്ടികുറക്കുകയും ചെയ്‌തിരുന്നു.
2022ന്റെ ആദ്യ നാളുകളിലെ 2,200 കോടി ഡോളര്‍ (1.82 ലക്ഷം കോടി രൂപ) മൂല്യത്തില്‍ നിന്ന് വെറും 100 കോടി ഡോളറായാണ് (8,200 കോടി രൂപ) ഇത്തവണ മൂല്യം ചുരുക്കിയത്. കമ്പനി നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഈ സംഭവം. ഇതിനിടയിലാണ് ഇഡി അന്വേഷണം ശക്തമാക്കുന്നത്.