Cancel Preloader
Edit Template

അന്വേഷണ സംഘത്തെ തീരുമാനിച്ചതില്‍ അതൃപ്തി

 അന്വേഷണ സംഘത്തെ തീരുമാനിച്ചതില്‍ അതൃപ്തി

തിരുവനന്തപുരം: സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയ പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങളില്‍ എഡി.ജി.പി അജിത്കുമാറിനെ സംരക്ഷിച്ച് സര്‍ക്കാര്‍. ക്രമസമാധാന ചുമതലയില്‍നിന്ന് എഡി.ജി.പിയെ മാറ്റാതെ ആരോപണങ്ങള്‍ അന്വേഷിക്കാനാണ് തീരുമാനം. ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹബിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ ഇതിനായി നിയോഗിച്ചു. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഐ.ജി സ്പര്‍ജന്‍ കുമാര്‍, ഡി.ഐ.ജി തോംസണ്‍, എസ്.പി ഷാനവാസ്, എസ്.പി മധുസൂദനന്‍ എന്നിവടങ്ങുന്ന സംഘമാണ് അന്വേഷിക്കുക.

അതേസമയം, എ.ഡി.ജി.പി അജിത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട സംഘത്തില്‍ ഡി.ജി.പിക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. സംഘാംഗങ്ങളെ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. എന്നാല്‍ മാറ്റണമെന്ന ഡി.ജി.പിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ഇന്നലെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഡി.ജി.പി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല. ഇതോടൊപ്പം അന്വേഷണസംഘത്തിലുള്ള നാലുപേരും അജിത് കുമാറിനെക്കാള്‍ റാങ്ക് കുറഞ്ഞവരാണെന്നതാണ് അതൃപ്തിക്കുള്ള ഒരു കാരണം.

എം.എല്‍.എയുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍പ്പെട്ട പത്തനംതിട്ട എസ്.പി സുജിത് ദാസിനെതിരായ നടപടി സ്ഥലംമാറ്റത്തിലൊതുക്കുകയും ചെയ്തു. വി.ജി വിനോദ് കുമാറാണ് പത്തനംതിട്ടയിലെ പുതിയ എസ്.പി. ഇന്നലെ രാവിലെ കോട്ടയത്ത് പൊലിസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് എഡി.ജി.പി എം.ആര്‍ അജിത്കുമാറിനെതിരേ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. വൈകീട്ട് മുഖ്യമന്ത്രിയും ഡി.ജി.പിയും കൂടിക്കാഴ്ച നടത്തി. എഡി.ജി.പിയെ മാറ്റാതെ അന്വേഷണം നടത്താനുള്ള നിര്‍ദേശം മുഖ്യമന്ത്രിയാണ് മുന്നോട്ടുവച്ചത്. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ പദവിയില്‍നിന്ന് മാറ്റാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ എന്നാല്‍ നിഷ്പക്ഷ അന്വേഷണം നടക്കണമെങ്കില്‍ എഡി.ജി.പിയെ മാറ്റണമെന്ന് ഡി.ജി.പി നിലപാടെടുത്തു. കൂടിക്കാഴ്ച മണിക്കൂറുകള്‍ നീണ്ടു. ഒടുവില്‍ എഡി.ജി.പിയെ മാറ്റാതെ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു.

പത്തനംതിട്ട എസ്.പി സുജിത് ദാസിനെതിരേ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. പി.വി അന്‍വറുമായുള്ള സംഭാഷണം പൊലിസിനു നാണക്കേടുണ്ടാക്കിയെന്നും സര്‍വിസ് ചട്ടം ലംഘിച്ചുവെന്നും ഡി.ഐ.ജി തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ കടുത്ത നടപടിക്ക് മുതിരാതെ സ്ഥലംമാറ്റത്തിലൊതുക്കുകയായിരുന്നു സര്‍ക്കാര്‍. നേരത്തെ അന്‍വര്‍ എം.എല്‍.എയുടെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അജിത്കുമാര്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് അന്വേഷിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.

Related post

Leave a Reply

Your email address will not be published. Required fields are marked *