Cancel Preloader
Edit Template

ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

 ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു.മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും കൂടിയായ അദ്ദേഹം മന്ത്രി സ്ഥാനവും രാജവെച്ചെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനും മന്ത്രി അതിഷിക്കും അയച്ച രാജിക്കത്തില്‍, പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സമീപകാല വിവാദങ്ങളും സ്ഥാനമൊഴിയാനുള്ള കാരണങ്ങളായി ഗഹ്ലോട്ട് ചൂണ്ടിക്കാട്ടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘ജനങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയെ രാഷ്ട്രീയ അഭിലാഷങ്ങള്‍ മറികടന്നു, നിരവധി വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ പോയി. ശുദ്ധമായ നദിയായി മാറ്റുമെന്ന് വാഗ്ദാനം ചെയ്ത യമുനയെ ഉദാഹരണമായി എടുക്കുക, പക്ഷേ അത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ യമുന നദി മുമ്പത്തെക്കാളും മലിനമായിരിക്കുന്നു’ അദ്ദേഹം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കെജ്രിവാളിന്റെ കാലത്ത് നവീകരിച്ച മുഖ്യമന്ത്രിയുടെ വസതിയെ സൂചിപ്പിക്കാന്‍ ബി.ജെ.പി ഉപയോഗിക്കുന്ന പദമായ ‘ശീഷ്മഹല്‍’ എന്ന് വിളിക്കുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു. ഇത് പോലെയുള്ള ലജ്ജാകരവും വിചിത്രവുമായ വിവാദങ്ങള്‍ ആം ആദ്മിയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന സംശയത്തിലേക്ക് എത്തിക്കുന്നു- ഗഹ്ലോട്ട് പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി സ്വന്തം രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടി പോരാടുകയാണെന്നും ഇത് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ പോലും നല്‍കാനുള്ള ഞങ്ങളുടെ കഴിവിനെ സാരമായി ബാധിച്ചെന്നും ഗഹ്ലോട്ട് പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ ഭൂരിഭാഗം സമയവും കേന്ദ്രവുമായി പോരാടിയാല്‍ ഡല്‍ഹിക്ക് യഥാര്‍ഥ പുരോഗതി ഉണ്ടാകില്ലെന്ന് ഇപ്പോള്‍ വ്യക്തമാണെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.

ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ് ഞാന്‍ എന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്, അത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിന്, ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പിന്മാറുകയല്ലാതെ മറ്റ് വഴികളില്ല. അതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെച്ചു. – അദ്ദേഹം രാജിക്കത്തില്‍ എഴുതി.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയുള്ള ഗഹ്ലോട്ടിന്റെ രാജി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ആഭ്യന്തരം, ഗതാഗതം, ഐടി, സ്ത്രീ-ശിശു വികസനം എന്നിവയുള്‍പ്പെടെ ഡല്‍ഹി സര്‍ക്കാരിലെ പ്രധാന പോര്‍ട്ട്ഫോളിയോകളുടെ ചുമതലയായിരുന്നു ഗഹ്ലോട്ടിന്. അതിനിടെ കൈലാഷ് ഗഹ്ലോട്ട് ബിജെപിയില്‍ ചേരുമെന്ന സൂചനയും വൃത്തങ്ങള്‍ നല്‍കുന്നുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *