Cancel Preloader
Edit Template

മഹാരാഷ്ട്രയിലെ തോല്‍വി; സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

 മഹാരാഷ്ട്രയിലെ തോല്‍വി; സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെയാണ് രാജി. മത്സരിച്ച 103 സീറ്റുകളില്‍ 16 ഇടങ്ങളില്‍ മാത്രമേ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചിരുന്നുള്ളൂ. സ്വന്തം മണ്ഡലമായ സാകോലിയില്‍ 208 വോട്ടുകളുടെ മാര്‍ജിനില്‍ കഷ്ടിച്ചാണ് നാന പട്ടോളെ പോലും രക്ഷപ്പെട്ടത്. ബി.ജെ.പിയുടെ അവിനാശ് ആനന്ദറാവു ബ്രഹ്മാന്‍കര്‍ ആയിരുന്നു പട്ടോളയുടെ എതിരാളി.

2021ലാണ് മുന്‍ എം.പിയായ നാനാ പട്ടോള മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. ബാല സാഹേബ് തൊറാട്ടിന്റെ പകരക്കാരനായിട്ടായിരുന്നു നിയമനം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 17 മണ്ഡലങ്ങളില്‍ അന്ന് 13 ഇടങ്ങളിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. മാത്രമല്ല മഹാവികാസ് അഘാഡി സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളും കോണ്‍ഗ്രസിനായിരുന്നു. അതിനാല്‍ തന്നെ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലും പട്ടോളെയുടെ നേതൃത്വത്തില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന പട്ടോളെയുടെ നിലപാടില്‍ വാശി ഉദ്ധവ് വിഭാഗത്തിന്റെ അതൃപ്തിക്കിടയാക്കിയിരുന്നു. പട്ടോളെ ഉണ്ടെങ്കില്‍ സീറ്റ് വിഭജന ചര്‍ച്ചക്ക് പങ്കെടുക്കില്ലെന്ന് വരെ ഉദ്ധവ് വിഭാഗം ഒരുഘട്ടത്തില്‍ പറയുകയുണ്ടായി. ഫലം വരുന്നത് മുമ്പ് തന്നെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിലേറുമെന്ന പട്ടോളെയുടെ പ്രഖ്യാപനവും ഉദ്ധവ് വിഭാഗത്തില്‍ എതിര്‍പ്പുണ്ടാക്കി. സഞ്ജയ് റാവുത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പട്ടോളെക്കെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

ഫലം വന്നപ്പോള്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം 232 സീറ്റുകളോടെ വന്‍ജയമാണ് സ്വന്തമാക്കിയത്. മഹാവികാസ് അഘാഡിയുടെ കുതിപ്പ് 50 ല്‍ താഴെ സീറ്റുകളില്‍ ഒതുങ്ങുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളുണ്ടായിരുന്നു കോണ്‍ഗ്രസിന്. അത് ഇക്കുറി 16 ആയി ചുരുങ്ങി. മഹാരാഷ്ട്രയില്‍ ആദ്യമായാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇത്ര കുറഞ്ഞ സീറ്റുകള്‍ ലഭിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *