Cancel Preloader
Edit Template

കയർ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികന്‍റെ മരണം; പോലീസിനെതിരെ സഹോദരി

 കയർ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികന്‍റെ മരണം; പോലീസിനെതിരെ സഹോദരി

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ സ്കൂട്ടര്‍ യാത്രികൻ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വലിയ കയര്‍ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ്‌ ഉണ്ണിയാണ് മരിച്ചത്. പൊലീസ് റോഡിന് കുറുകെ കയര്‍ കെട്ടിയത് കാണുന്ന രീതിയില്‍ ആയിരുന്നില്ലെന്നും കയര്‍ കെട്ടിയത് കാണുന്നതിനായി അതിന് മുകളില്‍ മുന്നറിയിപ്പായി ഒരു റിബണ്‍ എങ്കിലും കെട്ടിവെക്കാമായിരുന്നുവെന്നും മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പി ആരോപിച്ചു.

റോഡിന് കുറുകെ പൊലീസ് നിന്നിരുന്നില്ലെന്നും വശങ്ങളില്‍ മാത്രമാണ് പൊലീസ് നിന്നിരുന്നതെന്നും ഇവര്‍ ആരോപിച്ചു. റോഡില്‍ വെളിച്ചക്കുറവുണ്ടായിരുന്നു. സഹോദരൻ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞത് തെറ്റാണെന്നും ഡോക്ടര്‍ അടക്കം പറഞ്ഞത് രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യമില്ലെന്നാണെന്നും ചിപ്പി പറഞ്ഞു.രാവിലെ വരെയും പ്രദേശത്ത് തെരുവു വിളക്കുകള്‍ കത്തിയിരുന്നില്ല. മന്ത്രിമാരുടെ സുരക്ഷയ്ക്ക് എന്തുവേണമെങ്കിലും ഒരുക്കിക്കോട്ടെ. അതോടൊപ്പം ജനങ്ങളുടെ സുരക്ഷയും കൂടി പരിഗണിക്കണമെന്നും ചിപ്പി പറഞ്ഞു.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്.

അതേസമയം,മരിച്ച മനോജ്‌ ഉണ്ണിക്ക് ലൈസൻസ് ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണത്തില്‍ മനോജ് ഉണ്ണിയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. മനോജ്‌ ഉണ്ണി മദ്യപിച്ചിട്ടുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി. കൂട്ടുകാർക്കൊപ്പം മദ്യപിക്കവെ അമ്മ വിളിച്ചപ്പോൾ പോയതാണെന്നും പോലീസ് പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *