എം ടി രമേശ് ചർച്ച നടത്തിയെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബീന ജോസഫ്; ‘നിലവിൽ നിലമ്പൂരിൽ സ്ഥാനാർത്ഥിയാകാനില്ല’

മലപ്പുറം: ബിജെപി നേതാവ് എം ടി രമേശ് തന്നെ വന്നുകണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബീന ജോസഫ്. നിലവിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ബീന ജോസഫ് വ്യക്തമാക്കി. കോണ്‍ഗ്രസുകാരിയായി തുടരാനാണ് ആഗ്രഹം. ആര്യാടൻ ഷൌക്കത്തിനായി പ്രചാരണത്തിന് ഇറങ്ങും. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് കോണ്‍ഗ്രസിൽ ചർച്ചയുണ്ടായില്ലെന്ന വിമർശനവും ബീന ജോസഫ് ഉന്നയിച്ചു.
നാടകീയമായ നീക്കങ്ങളാണ് നിലമ്പൂരിൽ ബിജെപി നടത്തുന്നത്. ബിജെപി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെ ബിഡിജെഎസിനോട് സ്ഥാനാർത്ഥിയെ നിർത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിഡിജെഎസും മത്സരിക്കാൻ താൽപര്യം കാണിക്കുന്നില്ല. സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ ബിഡിജെഎസിലും രണ്ട് അഭിപ്രായമാണ്. ഇന്നലെ ചേർന്ന ഓൺലൈൻ കൗൺസിൽ യോഗത്തിലും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിരുന്നില്ല. പിന്നാലെ തീരുമാനം എടുക്കാൻ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയോട് യോഗം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ബിജെപി സ്വതന്ത്രരെ തേടുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിന് വേണ്ടി ബീന ജോസഫ് ശ്രമിച്ചിരുന്നു. എന്നാൽ പരിഗണിക്കപ്പെട്ടില്ല. മഞ്ചേരിയിൽ എത്തിയാണ് എം ടി രമേശ് ബീന ജോസഫിനെ കണ്ടത്. താനൊരിക്കലും പ്രതീക്ഷിക്കാത്ത കൂടിക്കാഴ്ചയാണ് നടന്നതെന്നും ചർച്ചയുടെ ഉള്ളടക്കം പുറത്തുപറയുന്നത് ശരിയല്ലെന്നും ബീന പറഞ്ഞു. നിലമ്പൂർ മണ്ഡലത്തിലെ മണിമൂളി സ്വദേശിയാണ് ബീന ജോസഫ്. മലയോര മേഖലയിൽ നിന്നുള്ള ക്രിസ്ത്യൻ നേതാവെന്നതാണ് ബീന ജോസഫിനെ പരിഗണിക്കാനുള്ള കാരണം. കെ എസ് യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും രാഷ്ട്രീയത്തിൽ എത്തിയ നേതാവാണ് ബീന ജോസഫ്. എന്നാൽ ഇതുവരെ അനുകൂലമായ തീരുമാനം ബീന ജോസഫ് പറഞ്ഞിട്ടില്ല.