കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന്
കൊച്ചി: കൂറുമാറാന്‍ എം.എല്‍.എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ.തോമസ് എം.എല്‍.എ. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിശദമായി അന്വേഷിക്കട്ടെയെന്നും തനിക്ക് മന്ത്രിസ്ഥാനം ഉറപ്പായപ്പോള്‍ വരുന്ന ആരോപണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒന്‍പത് പേജുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സംഭാഷണം ഇല്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ നിഷേധിക്കുന്നു. മന്ത്രിസ്ഥാനം വന്നില്ലെങ്കില്‍ ഇത്തരം ആരോപണം വരില്ലായിരുന്നു. തോമസ് ചാണ്ടിയോടും ഇത് തന്നെയാണ് ചെയ്തത്. ആന്റണി രാജുവിന്റെ അജണ്ട വെളിച്ചത്ത് വരട്ടെ. താനും കോവൂര്‍ കുഞ്ഞുമോനും ആന്റണി രാജുവും ഇങ്ങനെ ഒരു കാര്യം സംസാരിച്ചിട്ടില്ല. കുട്ടനാട്ടില്‍ ആന്റണി രാജുവിന്റെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതിന്റെ വിഷമം ആയിരിക്കാമെന്നും തോമസ് കെ.തോമസ് പറഞ്ഞു. വൈകിട്ട് മൂന്നു മണിക്ക് മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വെളിപ്പെടുത്തും. മഹാരാഷ്ട്രയില്‍ പോലും ലക്ഷങ്ങളാണ് കൂറുമാറ്റത്തിന് വാഗ്ദമാനം ചെയ്യാറെന്നും ആന്റണി രാജു കോടികള്‍ക്കുള്ള അസറ്റില്ലെന്നും തോമസ് കെ തോമസ് പരിഹസിച്ചു.
തോമസ് കെ. തോമസ് എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. എല്‍ഡിഎഫിന്റെ രണ്ട് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തത്.