‘നിലമ്പൂരിൽ അൻവർ മത്സരിക്കുമെന്ന് കരുതുന്നില്ല, ആശയക്കുഴപ്പങ്ങള്‍ സംസ്ഥാന ഘടകം തന്നെ പരിഹരിക്കും’

തിരുവനന്തപുരം: നിലമ്പൂരിൽ അൻവർ മത്സരിക്കുമെന്ന് കരുതുന്നില്ലെന്ന് കെസി വേണുഗോപാൽ. അൻവറിന്റെ കാര്യത്തിൽ ഒരു നേതാവിനും പ്രത്യേക അജണ്ട ഇല്ലെന്നും കെസി പറഞ്ഞു. കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടെങ്കിൽ പരിഹരിക്കും. അൻവറിന്റെ വിഷയം കേരളത്തിലെ നേതൃത്വം പരിഹരിക്കുമെന്നും കെസി വ്യക്തമാക്കി. തന്റെ സഹപ്രവർത്തകനായ ഒരു നേതാവുമായി സംസാരിക്കുന്നതിൽ എന്താണ് വാർത്ത എന്നായിരുന്നു ആന്റോ ആന്റണി യുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കെ സി വേണുഗോപാലിന്റെ പ്രതികരണം.
അന്‍വര്‍ നാവടക്കണം എന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താൻ എംപിയുടെ അൻവറിനെതിരെയുള്ള പ്രതികരണം. ഭീഷണിപ്പെടുത്താനും മുള്‍മുനയിൽ നിര്‍ത്താനും നോക്കിയാൽ നടക്കില്ല. രാഹുൽഗാന്ധിയെ പറഞ്ഞത് പോലും കോണ്‍ഗ്രസ് പൊറുത്തതാണ്. ഇപ്പോള്‍ പിസി ജോര്‍ജിന്റെ നിലവാരത്തിലേക്ക് പി വി അന്‍വറും എത്തി. ആര്യാടന് ഷൌക്കത്തിനെ മാറ്റാൻ ശ്രമിച്ചാൽ സ്വപ്നത്തിൽ പോലും നടക്കില്ലെന്നു രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.