സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

കണ്ണൂര്‍: സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം. തെരുവിലേക്കുനീണ്ട വിഭാഗീയതയുടെ പേരില്‍ ഏരിയാ കമ്മിറ്റി തന്നെ പിരിച്ചുവിട്ട കൊല്ലത്താണ് ആദ്യ സമ്മേളനം. ഇന്ന് മുതല്‍ 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലാണ് കൊല്ലം ജില്ലാ സമ്മേളനം. സമ്മേളനം കൈയാങ്കളിയില്‍ കലാശിച്ച കുരുനാഗപ്പള്ളിയില്‍ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവില്‍ ഏരിയാ കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്.
പി.ബി അംഗം എം.എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 450 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കരുനാഗപള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉണ്ടാകില്ല.
പ്രാദേശിക വിഭാഗീയതയക്കപ്പുറം രണ്ടാം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലും വിവാദവിഷയങ്ങളില്‍ പാര്‍ട്ടി കൈക്കൊണ്ട നിലപാടുകളുമാവും ജില്ലാ സമ്മേളനങ്ങളില്‍ ചര്‍ച്ചയാവുക. തുടര്‍ഭരണത്തിന്റെ ആലസ്യം നേതൃത്വം മുതല്‍ താഴേത്തട്ടുവരെ പ്രകടമായതിനാല്‍ വിമര്‍ശനവും സ്വയംവിമര്‍ശനവുമുറപ്പ്. ഒപ്പം ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയവും ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാത്തതും പാര്‍ട്ടിയും സര്‍ക്കാരും ജനങ്ങളില്‍ നിന്നകന്നുവെന്ന വിമര്‍ശനവും പരിശോധിക്കപ്പെടും. തുടര്‍ഭരണ സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകളും ജില്ലാ സമ്മേളനങ്ങളില്‍ നടക്കും. പത്തനംതിട്ടയില്‍ ഉള്‍പ്പെടെ പല ജില്ലാ കമ്മിറ്റികളിലും നവീന്‍ബാബുവിന്റെ മരണം ചര്‍ച്ചയാകും.
ഫെബ്രവരി 9 മുതല്‍ 11 വരെ കുന്നംകുളത്ത് നടക്കുന്ന തൃശൂര്‍ ജില്ലാ സമ്മേളനമാണ് ഒടുവിലത്തേത്. മാര്‍ച്ച് 6 മുതല്‍ 9 വരെയാണ് സംസ്ഥാന സമ്മേളനം. ഏപ്രിലില്‍ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കും.