Cancel Preloader
Edit Template

കൂച്ച് ബെഹാർ ട്രോഫി: അസമിനെ 233 റൺസിന് പുറത്താക്കി കേരളം

 കൂച്ച് ബെഹാർ ട്രോഫി: അസമിനെ 233 റൺസിന് പുറത്താക്കി കേരളം

അസം: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ അസമിനെ ഒന്നാം ഇന്നിങ്സിൽ 233 റൺസിന് പുറത്താക്കി കേരളം. അഞ്ച് വിക്കറ്റ് വീഴ്ത്തിയ തോമസ് മാത്യുവിൻ്റെ പ്രകടനമാണ് അസമിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിലാണ്.

ടോസ് നേടിയ കേരളം അസമിനെ ആദ്യം ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. സ്കോർ 37ൽ നില്ക്കെ ഓപ്പണർ കൌശിക് രഞ്ജൻ ദാസിനെ പുറത്താക്കിയാണ് തോമസ് മാത്യു വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. വൈകാതെ രാജ് വീർ സിങ്ങിനെയും ധ്യുതിമോയ് നാഥിനെയും തോമസ് തന്നെ മടക്കി. മറുവശത്ത് രണ്ട് വിക്കറ്റുമായി കാർത്തിക്കും പിടിമുറുക്കിയതോടെ ഒരു ഘട്ടത്തിൽ അഞ്ചിന് 62 റൺസെന്ന നിലയിലായിരുന്നു അസം. വാലറ്റക്കാർ അടക്കം നടത്തിയ ചെറുത്തു നില്പാണ് അസം സ്കോർ 200 കടത്തിയത്. ഒൻപതാമതായി ബാറ്റ് ചെയ്യാനെത്തി 65 റൺസെടുത്ത ഹിമൻശു സാരസ്വത് ആണ് അസമിൻ്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ആയുഷ്മാൻ മലാകർ 31ഉം ദീപാങ്കർ പോൾ 30ഉം റൺസെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ഒൻപതിൽ നില്‍ക്കെ ഓപ്പണർ അഹമ്മദ് ഖാൻ്റെ വിക്കറ്റ് നഷ്ടമായി. റണ്ണെടുക്കാതെ അക്ഷയും 15 റൺസുമായി സൌരഭും മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 33 റൺസെന്ന നിലയിലാണ് കേരളം. അസമിന് വേണ്ടി ആയുഷ്മാൻ മലാകർ, അനുരാഗ് ഫുകൻ, ഹിമൻശു സാരസ്വത് എന്നിവരാണ് വിക്കറ്റുകൾ വീഴ്ത്തിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *