Cancel Preloader
Edit Template

കോൺഗ്രസ് സുപ്രിം കോടതിയിലേക്ക്, ഇന്ന് രാജ്യവ്യാപക പ്രതിഷേധം

 കോൺഗ്രസ് സുപ്രിം കോടതിയിലേക്ക്, ഇന്ന് രാജ്യവ്യാപക പ്രതിഷേധം

പാർട്ടിക്കെതിരായ ആദായ നികുതി നോട്ടിസുകളിൽ കോൺഗ്രസ് സുപ്രിം കോടതിയിൽ അടുത്തയാഴ്ച ഹരജി നൽകും. 30 വർഷം മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയുള്ള കേന്ദ്ര ഏജൻസികളുടെ നീക്കം ചട്ടലംഘനമാണെന്നും കോൺഗ്രസ് സുപ്രിം കോടതിയിൽ വാദിക്കും. ഒപ്പം ബി.ജെ.പിയിൽ നിന്ന് നികുതി പിരിക്കാത്തതും കോടതിയിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടും. കോൺഗ്രസിനെതിരായ സർക്കാരിന്റെ പ്രതികാര നടപടിക്കെതിരെ ഇന്ന് രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കും.

കേരളത്തിൽ കെ.പി.സി.സി യുടെ നേതൃത്വത്തിൽ ആദായ നികുതി വകുപ്പിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും. തിരുവനന്തപുരം കവടിയാർ ആദായ നികുതി വകുപ്പ് ഓഫീസിന് മുന്നിലുള്ള ധർണ കെ.പി.സി.സി ആക്ടിങ് പ്രസിഡന്‍റ് എം.എം ഹസൻ ഉദ്ഘാടനം ചെയ്യും. ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചത് നടപടി ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയാണെന്ന് എം.എം ഹസന്‍ പറഞ്ഞു. ഏകാധിപത്യ രാജ്യങ്ങളില്‍പ്പോലും ഇത്തരം നടപടികള്‍ കേട്ടുകേൾവി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെയാണ് കോണ്‍ഗ്രസിന് ആദായനികുതി വകുപ്പ് നോട്ടിസയച്ചത്. ആദായ നികുതി പുനർനിർണയ പ്രകാരം 2018-21 കാലയളവിലെ 1700 കോടി രൂപ അടയ്ക്കണമെന്നാണ് നോട്ടിസ്. 2017-21 കാലയളവിലെ ആദായ നികുതി പുനർനിർണയ നീക്കത്തിനെതിരായ കോൺഗ്രസിന്‍റെ ഹരജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നോട്ടിസ്. പിഴയും പലിശയുമായി 1700 കോടി രൂപ അടയ്ക്കണം. നേരത്തെ 2014- 17 കാലയളവിലെ 100 കോടി രൂപ അടയ്ക്കണമെന്ന നോട്ടിസ് കോൺഗ്രസിന് ലഭിച്ചിരുന്നു.

അതേസമയം, കോൺഗ്രസിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളായ സി.പി.ഐയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും ആദായ നികുതി വകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്. 15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടിസ് നല്‍കിയത്. ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു. ആദായനികുതി വകുപ്പ് നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതായി സി.പി.എം അറിയിച്ചു.

സി.പി.ഐക്ക് 11 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ച് ടാക്‌സ് റിട്ടേണ്‍ ചെയ്തതിനാലുളള ‘കുടിശ്ശിക’യും പാന്‍ കാര്‍ഡ് തെറ്റായി രേഖപ്പെടുത്തിയതിനാണ് പിഴയുമടക്കമാണ് 11 കോടിയെന്നാണ് നോട്ടിസില്‍ പറയുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സിയുടെ നടപടി. ഇതുവഴി പ്രതിപക്ഷ പാർട്ടികൾ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കോൺഗ്രസിനെ പാപ്പരാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ സമ്മര്‍ദത്തിലാക്കാന്‍ എല്ലാ വഴികളും നോക്കുകയാണ് ബിജെപി. ഇഡി നടപടി നടക്കാതായപ്പോള്‍ ആദായനികുതി വകുപ്പിനെ ഇറക്കി. മോദി പരിഭ്രാന്തനാണെന്നും തൃണമൂൽ കോൺഗ്രസിന്റെ സാകേത് ഗോഖലെ എംപിയും പ്രതികരിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *