നിലമ്പൂരിലെ പെട്ടി പരിശോധന മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ് നേതാക്കൾ

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വാഹന പരിശോധനയെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കം. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം വെള്ളിയാഴ്ച രാത്രി നിലമ്പൂര്‍ വടപുറത്ത് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ഈ പരിശോധന മനഃപൂര്‍വം അവഹേളിക്കാനുള്ള ശ്രമമാണെന്നും അത് അപമാനകരമായി തോന്നിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. യുഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ടെന്നും ഇന്ന് രാവിലെ ഇടതുപക്ഷ എംപി കെ. രാധാകൃഷ്ണന്റെ വാഹനവും പരിശോധിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭക്ഷണം കഴിച്ച് മടങ്ങുമ്പോള്‍ പൊലിസ് ഉദ്യോഗസ്ഥന്‍ കൈകാണിച്ച് വാഹനം നിര്‍ത്തിച്ചതായി ഷാഫി പറമ്പില്‍ പറഞ്ഞു. ‘വാഹനം പരിശോധിക്കാന്‍ പൊലിസിന് അവകാശമുണ്ട്, ഞങ്ങള്‍ അതിനോട് സഹകരിച്ചു. ഡിക്കി തുറക്കാനും പെട്ടികള്‍ പുറത്തെടുക്കാനും ആവശ്യപ്പെട്ടു. എല്ലാം ഞാന്‍ തന്നെ ചെയ്തു. പിന്നീട് ‘കുഴപ്പമില്ല, പോകാം’ എന്ന് പറഞ്ഞു. അത് ശരിയല്ലെന്നും, പുറത്തുനിന്ന് നോക്കിയാല്‍ എന്താണ് അകത്തുള്ളതെന്ന് മനസ്സിലാകുമോ എന്നും ഞാന്‍ ചോദിച്ചു. പരിശോധനയില്‍ എന്തെങ്കിലും കണ്ടെത്തിയോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, അതിന്റെ ആവശ്യമില്ലെന്ന് അവര്‍ മറുപടി നല്‍കി. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മാത്രം പോയാല്‍ മതിയെന്ന് ഞങ്ങള്‍ നിര്‍ബന്ധം പിടിച്ചു’ ഷാഫി വിശദീകരിച്ചു.
‘അടച്ചിരിക്കുന്ന പെട്ടി പുറത്തെടുത്ത് വെച്ചാല്‍ അതിനുള്ളില്‍ എന്താണെന്ന് എങ്ങനെ മനസ്സിലാക്കാനാണ്? അവിടെ ഒരു കൂട്ടം ആളുകള്‍ കൂടിനിന്നിരുന്നു. അവരുടെ മുന്നില്‍ ഞങ്ങളെ അപമാനിക്കുക എന്നതായിരുന്നു ഉദ്ദേശ്യം,’ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.
അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയും കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ സമാനമായ പരിശോധന നടന്നിരുന്നു. യുഡിഎഫ് നേതൃത്വം കള്ളപ്പണം കടത്തിയെന്ന എല്‍ഡിഎഫിന്റെ ആരോപണത്തെ തുടര്‍ന്നായിരുന്നു ആ പരിശോധന.