Cancel Preloader
Edit Template

കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും; മഹാജനസഭയിൽ ദേശീയ അധ്യക്ഷനും

 കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും; മഹാജനസഭയിൽ ദേശീയ അധ്യക്ഷനും

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് തൃശൂരിലെത്തുന്നു. വൈകിട്ട് മൂന്നിന് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന മഹാജന സഭ എഐസിസി അധ്യക്ഷന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യ സഖ്യം കേരളത്തില്‍ ഇല്ലെന്നും സിപിഎമ്മുമായി നേരിട്ടുള്ള പോരാട്ടമാണെന്നും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി ഉഴുതു മണിച്ചിട്ട തൃശൂരില്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുകയാണ്. കേരളത്തില്‍ പോരാട്ടം എല്‍ഡിഎഫുമായി നേരിട്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. തൃശൂരടക്കം സീറ്റ് പിടിക്കാന്‍ ബിജെപി വലിയ ശ്രമം നടത്തുന്നു എന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ബിജെപി എഡിഎഫ് ധാരണ എന്ന ആരോപണവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. രാവിലെ പതിനൊന്നിന് തെരഞ്ഞെടുപ്പ് സമിതി യോഗം നടക്കും. കെപിസിസി ഭാരവാഹികളും എഐസിസി അംഗങ്ങളും പങ്കെടുക്കും. മൂന്നു മണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കെടുക്കുന്ന മഹാ ജന സഭ. സംസ്ഥാനത്തെ 25177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000 ത്തില്‍പ്പരം പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി തലം വരെയുള്ള കേരളത്തില്‍ നിന്നുള്ള ഭാരവാഹികളും മഹാജനസഭയിൽ പങ്കെടുക്കും.

സമ്മേളനത്തോടെ തെരഞ്ഞെടുപ്പ് പോരിലേക്ക് അണികളെ സജ്ജമാക്കാനാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കെപിസിസിയുടെ സമരാഗ്നി ജാഥ കാസര്‍ഗോഡുനിന്നും അടുത്ത വെള്ളിയാഴ്ച ആരംഭിക്കും. സിറ്റിങ് എംപിമാരില്‍ ഭൂരിഭാഗവും മത്സരിക്കാനിരിക്കേ സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടിക്ക് ഇത്തവണ വെല്ലിവിളിയാവില്ലെന്നാണ് വിലയിരുത്തല്‍.

Related post

Leave a Reply

Your email address will not be published. Required fields are marked *