സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; രണ്ട് സ്ത്രീകളുള്‍പ്പെടെ 9 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായണ്‍പൂര്‍, കാങ്കര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടാഴ്ചയ്ക്കിടെ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്.
മഹാരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന തെക്‌മെട്ട വനമേഖലയില്‍ പ്രത്യേക ദൗത്യ സംഘവും റിസര്‍വ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ സംയുക്ത തിരിച്ചടിയിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഒരു എ.കെ 47 തോക്കും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടല്‍ നിലച്ചെങ്കിലും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
ഈ മാസം ആദ്യം കാങ്കര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.
ഈ വര്‍ഷം സംസ്ഥാനത്തെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ സേനയുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഇതുവരെ 88 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.