എംപിമാർ തമ്മിൽ പാർലമെന്റിൽ കൂട്ടയടി ; നിരവധി പേർക്ക് പരിക്ക്

മാലിദ്വീപ് പാർലമെന്റിൽ ഏറ്റുമുട്ടി എംപിമാർ. പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പി പി എം), പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പി എൻ സി) അംഗങ്ങളും മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എം ഡി പി), ദ് ഡെമോക്രാറ്റ്സ് പാർട്ടിയുടെ അംഗങ്ങളും തമ്മിലാണ് വലിയ രീതിയിലുള്ള സംഘർഷം ഉണ്ടായത്. മുയിസുവിൻ്റെ മന്ത്രിസഭയുടെ അംഗീകാരത്തിന് നിർണായകമായ സമ്മേളനം തുടരുന്നതിൽ നിന്ന് സ്പീക്കറെ തടയാൻ സർക്കാർ എംപിമാർ ശ്രമിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് പാർലമെൻ്റ് സാക്ഷ്യം വഹിച്ചത്.
മന്ത്രിസഭയുടെ പാർലമെൻ്റിൻ്റെ അംഗീകാരത്തിന്മേലുള്ള സുപ്രധാന വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കുകയായിരുന്നു. എന്നാല്‍, ചില കാബിനറ്റ് അംഗങ്ങളെക്കുറിച്ച് എതിർപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ അംഗങ്ങൾ നാല് പ്രധാന മന്ത്രിമാരുടെ അംഗീകാരം തടഞ്ഞു. പാർലമെൻ്റിൽ ഗണ്യമായ ഭൂരിപക്ഷമുള്ള മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും (എം ഡി പി) ഡെമോക്രാറ്റുകളും, പ്രത്യേക കാബിനറ്റ് അംഗങ്ങൾക്കുള്ള അംഗീകാരം തടയാൻ കൂട്ടായി തീരുമാനിക്കുകയായിരുന്നു. പുതിയ പദവി ഏറ്റെടുക്കാന്‍ നാല് എംപിമാർ അനുയോജ്യരല്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ അവകാശവാദം.വോട്ടെടുപ്പിന് മുമ്പ്, പ്രതിപക്ഷ എംപിമാരെ പാർലമെൻ്റ് ഫ്‌ളോറിൽ പ്രവേശിക്കുന്നതാണ് സംഘർഷത്തിലേക്ക് നയിച്ചത്. വിയോജിപ്പ് പ്രകടിപ്പിക്കാൻ എംപിമാർ സംഗീതോപകരണങ്ങൾ വായിക്കുന്നത് ഉൾപ്പെടെയുള്ള പാരമ്പര്യേതര മാർഗങ്ങൾ അവലംബിക്കുമ്പോൾ, ചേമ്പറിനുള്ളിൽ, മാലിദ്വീപ് പാർലമെൻ്റ് സ്പീക്കർ ചെവി പൊത്തിപ്പിടിക്കുന്നത് ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.സംഘർഷത്തിൽ നിരവധി എംപിമാർക്ക് പരുക്കേറ്റു. ഒരു എംപിയുടെ തല പൊട്ടി രക്തം ഒഴുകി. വോട്ടെടുപ്പിനു മുന്നോടിയായി ചേർന്ന പാർലമെന്ററി ഗ്രൂപ്പ് യോഗത്തിൽ, നാലു കാബിനറ്റ് അംഗങ്ങളുടെ അംഗീകാരം പിൻവലിക്കാൻ പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എം ഡി പി) തീരുമാനിക്കുകയായിരുന്നു. ഇതിന് ദ് ഡെമോക്രാറ്റ്സും പിന്തുണ നല്‍കുകയായിരുന്നു. ആകെയുള്ള 81 എംപിമാരിൽ 56 പേരും ഈ പാർട്ടികളിൽ നിന്നാണ് എന്നതാണ് ശ്രദ്ധേയം.
ആകെ 81 അംഗങ്ങളുള്ള മാലി പാർലമെന്റില്‍ എം ഡി പിക്ക് 42 എംപിമാരാണ് ഉള്ളത്. എം ഡി എ എന്ന പാർട്ടിക്ക് 2 അഗങ്ങളുടെ പിന്തുണയുമുണ്ട്. പി പി എം , പി എന്‍ സി സഖ്യത്തിന് 19 എംപിമാരും ഒരു സ്വതന്ത്രനുണ്ട്. പ്രസിഡന്റ് മുയിസു പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് ( പി എന്‍ സി ) യുടെ നേതാവാണ്. ഡെമോക്രാറ്റ്സിന് 13 പേരും റിപ്പബ്ലിക്കന്‍ പാർട്ടിക്ക് 2 പേരുമുണ്ട്. ഈ കൂട്ടായ്മക്ക് രണ്ട് സ്വതന്ത്ര അംഗങ്ങളുടേയും പിന്തുണയുണ്ട്.