മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍, രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നൽകും
തിരുവനന്തപുരം: ദ ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിൽ പിടിവിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നൽകാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നീക്കം. അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം പിന്‍വലിച്ച് ദ ഹിന്ദു വിശദീകരണം നൽകിയിരുന്നെങ്കിലും വിഷയം വിടാൻ ഗവര്‍ണര്‍ ഒരുക്കമല്ല.
മലപ്പുറം പരാമര്‍ശ വിവാദവും പിന്നീടുവന്ന പിആര്‍ വിവാദവുമൊക്കെ പ്രതിപക്ഷ ആയുധമാക്കുന്നതിനിടെയാണ് വിഷയത്തിൽ ഗവര്‍ണറും കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നത്. രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നൽകുന്നതിന് മുന്നോടിയായി സംഭവത്തിൽ കൂടുതൽ വിശദാംശങ്ങള്‍ തേടി ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും. അതേസമയം, മറുപടി നൽകിയാലും ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കാൻ ആകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
മുഖ്യമന്ത്രി പറഞ്ഞ മലപ്പുറത്തെ സ്വർണ്ണക്കടത്ത് -ഹവാലപണമിടപാട് കേസുകൾനേരിട്ടെത്തി വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ കത്ത് നൽകിയിട്ടും മറുപടി ഇല്ലാത്തതിനെ തുടർന്നാണ് ഗവർണ്ണർ കടുപ്പിച്ചത്.
ദി ഹിന്ദുവിലെ അഭിമുഖത്തിലെ മലപ്പുറത്തെ സ്വർണ്ണക്കടത്തിലെയും ഹവാല ഇടപാടിലെയും പണം ദേശദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ഗവർണ്ണർ ഏറ്റെടുക്കുന്നത്. ഇത് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് രാജ്ഭവൻ കത്ത് നൽകിയിരുന്നു.