Cancel Preloader
Edit Template

വിഴിഞ്ഞം ഉദ്ഘാടനവേളയിൽ ഉമ്മൻചാണ്ടിയെയും വിഎസിനെയും പരാമർശിക്കാതെ മുഖ്യമന്ത്രി

 വിഴിഞ്ഞം ഉദ്ഘാടനവേളയിൽ ഉമ്മൻചാണ്ടിയെയും വിഎസിനെയും പരാമർശിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പിന്റെ ട്രയൽ റൺ ഉദ്ഘാടനവേളയിൽ മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും പരാമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖത്തിന്‍റെ ക്രെഡിറ്റിനെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തർക്കം രൂക്ഷമാകുന്നതിനിടെയാണ് പദ്ധതിക്ക് കരാർ ഒപ്പിട്ട മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിണറായി പൂർണമായും ഒഴിവാക്കിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ വിഴിഞ്ഞം കല്ലിടലോ ഒപ്പിടലോ മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചില്ല. പദ്ധതിയുടെ ചരിത്രം ഓർപ്പിച്ചപ്പോഴും ഇടത് സർക്കാരുകളുടെ മികവിനെ പുകഴ്ത്തിയ വേളയിലും വിഎസ് അച്യുതാനന്ദന്റെ പേരും പിണറായി സൂചിപ്പിച്ചില്ല.

എന്നാൽ അതേ സമയം, അദാനി ഗ്രൂപ്പിന്റെ സഹകരണത്തിനടക്കം നന്ദിയറിയിച്ച മുഖ്യമന്ത്രി, മുൻ ഇടതുപക്ഷ മന്ത്രിമാരായ അഹമ്മദ് ദേവർകോവിലിനെയും കടന്നപ്പള്ളിയെയും പ്രത്യേകം അഭിനന്ദിക്കുകയും പേരെടുത്ത് പരാമർശിക്കുകയും ചെയ്തു. തുറമുഖത്തിനായി അർപ്പണബോധത്തോടെ അഹമ്മദ് ദേവർകോവിൽ പ്രവർത്തിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

2015ൽ വിഴിഞ്ഞം വിഷയത്തിൽ ഇടതുമുന്നണി ഉയർത്തിയ എതിർപ്പുകളെ മുഖ്യമന്ത്രി ന്യായീകരിച്ചു. അഴിമതിക്കോ ചൂഷണത്തിനോ ഉള്ള വഴിയായി വിഴിഞ്ഞം മാറരുതെന്ന് മാത്രമായിരുന്നു എൽഡിഎഫിനെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അഴിമതിയുടെ എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് തുറമുഖം സജ്ജമാക്കിയതെന്നും പിണറായി അവകാശപ്പെട്ടു.

എൽഡിഎഫ് സർക്കാരാണ് വിഴിഞ്ഞം തുറമുഖ അനുമതിക്കായി ആദ്യം ശ്രമിച്ചതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. 2007ൽ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിനെ നോഡൽ ഏജൻസിയാക്കി. 2010ൽ ടെൻഡർ നടപടികൾക്ക് ശ്രമിച്ചു. അപ്പോൾ ചൈനീസ് കമ്പനിയെന്ന് പറഞ്ഞ് ചിലർ ആക്ഷേപം ഉയർത്തി. അന്ന് മൻമോഹൻ സർക്കാരാണ് വിഴിഞ്ഞത്ത് പോർട്ടിന് അനുമതി നിഷേധിച്ചത്. 212 ദിവസം നീണ്ട ജനകീയ സമരം എൽഡിഎഫ് നടത്തി. പിന്നീട് 2013 ലാണ് വീണ്ടും പദ്ധതി വരുന്നത്. നാം ഒറ്റകെട്ടായി ശ്രമിച്ചതിന്റെ ഫലമാണ് ഈ ദിനം. അന്താരാഷ്ട്ര ലോബികൾ ഇതിനെതിരെ പ്രവർത്തിച്ചു. ഇപ്പോൾ ഉദ്ധഘാടനം ചെയ്തത് ഒന്നാം ഘട്ടം മാത്രമാണ്. നാലാം ഘട്ടം പൂർത്തിയാകുമ്പോൾ വിശാല തുറമുഖമായി മാറും. 2028 ഓടെ ഇത് സാധ്യമാകും. 2028ഓടെ വിഴിഞ്ഞം സമ്പൂർണ തുറമുഖമായി മാറും. 10000 കോടി രൂപയുടെ നിക്ഷേപത്തിന് വഴിയൊരുക്കും. അതിന് വേണ്ടുന്ന കരാർ ഒപ്പിടാൻ പോവുകയാണ്. അദാനി ഗ്രൂപ്പ് ഇക്കാര്യത്തിൽ പൂർണ സഹകരണത്തിന് തയാറാണെന്നും പിണറായി അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *