Cancel Preloader
Edit Template

കേസ് നിലനില്‍ക്കെ 13600 കോടി കടമെടുക്കാന്‍ കേന്ദ്ര അനുമതി

 കേസ് നിലനില്‍ക്കെ 13600 കോടി കടമെടുക്കാന്‍ കേന്ദ്ര അനുമതി

കേരളത്തിന് 13608 കോടി രൂപ കൂടി വായ്പ എടുക്കാനുള്ള അനുമതി നല്‍കാമെന്ന് സുപ്രീംകോടതിയിൽ സമ്മതിച്ച് കേന്ദ്രം. കേരളത്തിന്‍റെ ഹർജി പിൻവലിച്ചാലേ അനുമതി നല്‍കാനാകൂ എന്ന മുൻ നിലപാട് കോടതി നിർദ്ദേശത്തെ തുടർന്ന് കേന്ദ്രം തിരുത്തി. 15000 കോടി കൂടി കടമെടുക്കണം എന്ന കേരളതതിന്‍റെ നിർദ്ദേശത്തിൽ ഉടൻ ചർച്ച നടത്താൻ കോടതി നിർദ്ദേശം നല്‍കി.

സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളത്തിന്‍റെ അഭിഭാഷകൻ കപിൽ സിബൽ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. ശമ്പളം നല്കാൻ തല്ക്കാലം പണമുണ്ട്. എന്നാൽ പെൻഷൻ, മറ്റാനുകൂല്യങ്ങൾ, ക്ഷാമബത്ത എന്നിവ നല്കാൻ കഴിയാത്ത സാഹചര്യമാണ്. അടിയന്തരമായി 28000 കോടി രൂപ ഈ മാർച്ചിൽ തന്നെ കടമെടുക്കാൻ അനുവദിക്കണമെന്നും കപിൽ സിബൽ വാദിച്ചു. കേരളത്തിന് അവകാശമുള്ള പതിമൂവായിരത്തി അറുനൂറ്റിയെട്ട് കോടി രൂപ കടമെടുക്കാൻ അനുവാദം നല്കാമെന്ന് കഴിഞ്ഞ ചർച്ചയിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് കേരളം നല്കിയ ഹർജി പിൻവലിക്കണം എന്ന ഉപാധി ശരിയില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വാനാഥൻ എന്നിവരുടെ ബഞ്ച് നിരീക്ഷിച്ചു. ഹർജി നല്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ മറ്റു സംസ്ഥാനങ്ങളും കോടതിയിൽ വരാൻ സാധ്യതയുള്ളതിനാൽ ഇടക്കാല ഉത്തരവ് ഇറക്കരുത് എന്ന അറ്റോണി ജനറലിൻറെ നിർദ്ദേശം കോടതി സ്വീകരിച്ചു.

കോടതിയുടെ വാക്കാലുള്ള നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രം വായ്പയ്ക്ക് അനുമതി നല്കും. എന്നാൽ 15000 കോടി കൂടി ഈ മാസം കടമെടുത്താലേ പ്രതിസന്ധി തീരു എന്ന് കേരളം വാദിച്ചു. ഇരുപക്ഷവും അടിയന്തരമായി ചർച്ച നടത്തി ഇത് തീരുമാനിക്കാനുള്ള നിർദ്ദേശം കോടതി നല്കി. രാഷ്ട്രീയ നേട്ടത്തിന് കേസ് ഉപാധിയാക്കുന്നു എന്ന പരാതി കേന്ദ്രം ഉന്നയിച്ചു. കേന്ദ്രവും കേരളവും ഇക്കാര്യത്തിൽ പരസ്യവാഗ്വാദത്തിലേക്ക് പോകരുതെന്ന് കോടതി നിർദ്ദേശം നല്കി.

അരമണിക്കൂറോളം നീണ്ടു നിന്ന രൂക്ഷ വാഗ്വാദത്തിന് ശേഷമാണ് താല്ക്കാലിക തീരുമാനത്തിലേക്ക് കോടതി എത്തിയത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്ന് പറഞ്ഞ കോടതി സാമ്പത്തിക അച്ചടക്കം ഉറപ്പു വരുത്തണം എന്ന ഉപദേശം കേരളത്തിനും നല്‍കി. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കോടതി പുകഴ്ത്തുകയും ചെയ്തു. തല്ക്കാലം ഇരുപക്ഷത്തിന്‍റേയും വാദങ്ങൾ അംഗികരിച്ചുള്ള ഒത്തു തീർപ്പിലേക്ക് എത്തിയ രണ്ടംഗ ബഞ്ച് കോടതിക്ക് പുറത്ത് ഇത് പരിഹരിക്കണം എന്ന താല്പര്യമാണ് ഇന്നും പ്രകടിപ്പിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *