ജാഗ്രത; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും വിവിധ ജില്ലകളില്‍ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച്ച വരെ വിവിധയിടങ്ങളില്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത് .
നാളെ (മെയ് 12ന്) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് ആയിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 13ന് പത്തനംതിട്ട ജില്ലയിലും മുന്നറിയിപ്പ് ഉണ്ട്.
ഈ ജില്ലകളിൽ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് . ഇന്ന് മുതല്‍ മെയ് 14 വരെ എല്ലാ ദിവസവും കേരളത്തിലുടനീളം മഴ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത് . യെല്ലോ അലര്‍ട്ടില്ലാത്ത സ്ഥലങ്ങളില്‍ മിതമായ മഴക്കാണ് സാധ്യത.
മെയ് 10 മുതല്‍ 12 വരെയുള്ള ഇടിമിന്നലോട് കൂടിയ മഴ സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കൂട്ടത്തില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത. മലയോര ജില്ലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്കുന്നു.
ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.