Cancel Preloader
Edit Template

കനത്ത മഴയിൽ മുങ്ങി തലസ്ഥാന നഗരം

 കനത്ത മഴയിൽ മുങ്ങി തലസ്ഥാന നഗരം

കനത്ത മഴയിൽ തിരുവനന്തപുരത്ത് പലയിടത്തും വെള്ളം കയറി. ഇന്നലെ വൈകിട്ടും രാത്രിയിലും പെയ്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്. ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തമ്പാനൂർ ജംക്‌ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം ദുരിതത്തിലായി.

രാവിലെയും മഴ തുടർന്നതോടെ അട്ടക്കുളങ്ങരയിലും മുക്കോലയ്ക്കലും വെള്ളകെട്ട് രൂപപ്പെട്ടു. അട്ടക്കുളങ്ങരയിൽ സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളിൽ വെള്ളം നിറഞ്ഞു. അട്ടക്കുളങ്ങരയിൽ നിന്ന് ചാലയിലേക്ക് പോകുന്ന റോഡിലും അപകടകരമായ വെള്ളകെട്ട് രൂപപ്പെട്ടിട്ടുണ്ട്. മുക്കോലയ്ക്കലിൽ വീടുകളിൽ വെള്ളം കയറി. അട്ടക്കുളങ്ങരയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ഉള്ളൂർ ശ്രീ ചിത്ര നഗറിലും വീടുകളിൽ വെള്ളം കയറി.

നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ശംഖുമുഖത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മരം മുറിച്ച് മാറ്റി. ശക്തമായ മഴ കാരണം മലയോര മേഖലയിലേക്ക് ജാഗ്രതയോടെയുള്ള യാത്ര വേണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു.

അതേസമയം വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

Related post

Leave a Reply

Your email address will not be published. Required fields are marked *