മാനസിക സമ്മര്‍ദമുണ്ടെന്നുവച്ച് എന്തും ചെയ്യാമോ? പോലീസിനെതിരേ ഹൈക്കോടതി
ജനങ്ങളോടുള്ള പോലീസുകാരുടെ മോശം പെരുമാറ്റത്തില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. ജോലി സമ്മര്‍ദവും മാനസിക സമ്മര്‍ദവുമുണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന ചിന്താഗതി ശരിയല്ലെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അഭിഭാഷകനോട് എസ് ഐ മോശമായി പെരുമാറിയ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ചില പോലിസുകാർ മാനസിക സമ്മർദവും പ്രകോനവും മൂലമാണ് മോശമായി പെരുമാറുന്നതെന്ന പോലീസ് മേധാവിയുടെ വിശദീകരണത്തെ തുടർന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമര്‍ശനം.
പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ സംബന്ധിച്ചുള്ള സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.1965 മുതൽ ഇതുവരെ 10 സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ചില പോലീസ് ഉദ്യോഗസ്ഥരുടെ സ്വഭാവത്തിൽ മാറ്റമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തുടർന്നാണ് ചില പോലീസുകാർ മാനസിക സമ്മർദവും പ്രകോനവും മൂലമാണ് മോശമായി പെരുമാറുന്നതെന്ന് പോലീസ് മേധാവി ഓൺലൈൻ മുഖേന ഹാജരായി ഹൈക്കോടതിയെ അറിയിച്ചത്. ട്രെയിനിങ് കാലം മുതൽ നല്ല പെരുമാറ്റ കാര്യത്തിൽ പരിശീലനം നല്കുന്നുണ്ടന്നും ഒറ്റപ്പെട്ട സംഭവം ഉണ്ടാകുമ്പോൾ നടപടി സ്വീകരിക്കുമെന്നും ഡിജിപി കോടതിയിൽ വിശദീകരിച്ചു.
പിഎസ് ആഖിബ് സൊഹെെൽ എന്ന അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ പാലക്കാട് ആലത്തൂർ എസ്‌ഐയായിരുന്ന വിആർ റനീഷ് ഹൈക്കോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞു. അഭിഭാഷക മുഖേനയാണ് നിരുപാധികം മാപ്പ് പറയുന്നതായി റനീഷ് അറിയിച്ചത്. സംഭവത്തിൽ റനീഷിനെ സ്ഥലം മാറ്റിയതായി ഡിജിപി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
സംഭവം നടക്കുമ്പോൾ സിഐ സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിച്ചാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്നും കോടതിയലക്ഷ്യ ഹർജിയിൽ ഹാജരായ സർക്കാർ അഭിഭാഷകൻ വാദിച്ചു. ഡിജിപിയുടെ സർക്കുലർ തന്നെ ലംഘിക്കപ്പെടുമ്പോൾ ശാസന മാത്രം മതിയോയെന്ന് കോടതി ചോദിച്ചു. പുതിയ പോലീസാണ് വേണ്ടതെന്നും രാജ്യത്തെ മികച്ച പോലീസാണ് കേരളത്തിലേതെന്നും കോടതി ചൂണ്ടികാട്ടി.