ബമ്പർ ഓഫർ; ലാഭിക്കാം1.31 ലക്ഷം രൂപ വരെ , എംജി മോട്ടോഴ്‌സിന്റെ ഈ മോഡലുകൾക്ക്

നിരവധി മോഡലുകളുമായി വിപണിയിൽ കരുത്ത് കാട്ടുന്ന എംജി വിൽപ്പനയിലും കുതിക്കുകയാണ്. ഇപ്പോഴിതാ നൂറാം വാർഷികം ആഘോഷിക്കുന്ന എംജി മോട്ടോർ ഇന്ത്യ, ഹെക്റ്റർ, ഗ്ലോസ്‌റ്റർ എസ്‌യുവികളുടെയും കോമറ്റ് ഇവിയുടെയും വില കുറച്ചിരികുകയാണ്.ഇതിന് പുറമെ കാർ നിർമ്മാതാവ് ZS ഇവിയുടെ പുതിയ എൻട്രി ലെവൽ എക്‌സിക്യൂട്ടീവ് വാഹനം കൂടി അവതരിപ്പിച്ചിട്ടുണ്ട്, ഇത് വാഹനം കൂടുതൽ പേരിലേക്ക് എത്താൻ സഹായിക്കും. പല മോഡലുകൾക്കും ഒരു ലക്ഷം രൂപ വരെയാണ് എംജി കുറവ് പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. പരിമിത കാലത്തേക്കായിരുക്കും ഈ ഓഫർ.
എംജി ഹെക്റ്റർ
ഹെക്റ്റർ പെട്രോളിന്റെ വില 14.94 ലക്ഷം രൂപയിൽ ആരംഭിക്കുമ്പോൾ ഡീസൽ വേരിയന്റുകൾക്ക് ഇനി മുതൽ 17.50 ലക്ഷം രൂപ മുതലായിരിക്കും വില. ഇതിനർത്ഥം ഹെക്റ്റർ പെട്രോൾ, ഡീസൽ വേരിയന്റുകളുടെ പ്രാരംഭ വില യഥാക്രമം 6000 രൂപയും 79,000 രൂപയും കുറച്ചു. നിലവിൽ വിപണിയിലെ ഹെക്റ്ററിന്റെ പ്രധാന എതിരാളികളായ ഹാരിയർ, എക്സ്‍യുവി700 എന്നിവയ്ക്ക് യഥാക്രമം 15.49 ലക്ഷം, 14.03 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.
ഗ്ലോസ്‌റ്റർ, കോമറ്റ് ഇവി
ഗ്ലോസ്‌റ്ററിലും കോമറ്റ് ഇവിയിലും ഇതിലും വലിയ വിലക്കുറവാണ് കമ്പനി വരുത്തിയിരിക്കുന്നത്. ഗ്ലോസ്‌റ്ററിന്റെ വില ഇപ്പോൾ 37.49 ലക്ഷം രൂപയിൽ ആരംഭിക്കുന്നു, 1.31 ലക്ഷം രൂപയുടെ കുറവുണ്ടായതാണ് ഇതിലൂടെ വ്യക്തമാവുന്നത്. മികച്ച വില്പ്പന നടക്കുന്ന മോഡലിന്റെ വിലക്കുറവ് ഉപഭോക്താക്കൾക്ക് ഗുണമാവുമെന്ന് ഉറപ്പാണ്.കോമറ്റ് ഇവിയുടെ വില ഇപ്പോൾ 6.99 ലക്ഷം രൂപയിൽ നിന്ന് 99,000 രൂപ കുറച്ച് ഏകദേശം 6 ലക്ഷത്തിൽ എത്തിയിരിക്കുകയാണ്. കോമറ്റ് ഇവിക്ക് ഇന്ത്യയിൽ നേരിട്ട് എതിരാളികളില്ല. ഇത്തിരി കുഞ്ഞനാണെങ്കിലും ഇവി കാർ സെക്ഷനിൽ തരംഗമായ ഈ കുഞ്ഞൻ കാറിന്റെ വിൽപ്പനയെ പുതിയ തീരുമാനം കാര്യമായി സ്വാധീനിക്കും എന്ന് തന്നെയാണ് വിലയിരുത്തൽ.18.98 ലക്ഷം രൂപ വിലയുള്ള ZS ഇവിയുടെ പുതിയ എൻട്രി ലെവൽ എക്‌സിക്യൂട്ടീവ് ട്രിമ്മും എംജി ഇതിനിടെ പുറത്തിറക്കിയിട്ടുണ്ട്. ഈ പുതിയ ട്രിം ZS ഇവിയുടെ പ്രാരംഭ വില കുറയ്ക്കാൻ കാരണമായി. 22.88 ലക്ഷം രൂപ വിലയുള്ള എക്സൈറ്റ് ട്രിമ്മിൽ നിന്ന് 3.9 ലക്ഷം രൂപയുടെ കുറവ് വരുത്താൻ എൻട്രി ലെവൽ മോഡൽ അവതരിപ്പിച്ചതിലൂടെ എംജിക്ക് സാധിച്ചു.ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.