‘ദുബേയും ശർമയും പറഞ്ഞതിൽ ബിജെപിക്ക് ബന്ധമില്ല’; തള്ളിപ്പറഞ്ഞിട്ടും വിവാദം കത്തുന്നു, നിലപാട് വ്യക്തമാക്കി നദ്ദ

ദില്ല: സുപ്രീം കോടതിക്കെതിരെ ബിജെപി എംപിമാർ നടത്തിയ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് നേതൃത്വം. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശർമ എന്നിവർ നടത്തിയ പരാമർശങ്ങൾ ബിജെപി തള്ളിയെങ്കിലും വിവാദം കത്തുന്നു. ചീഫ് ജസ്റ്റിസ് മതയുദ്ധങ്ങൾ ക്ഷണിച്ച് വരുത്തുന്നു എന്ന പരാമർശത്തിൽ നിഷികാന്ത് ദുബെക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എംപിമാർക്കെതിരെ ബിജെപി നടപടിയെടുക്കുമോ എന്നും പ്രതിപക്ഷം ചോദിക്കുന്നു.
ബിജെപി സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ബിജെപി എംപിയുടെ പ്രസ്താവന കോടതിക്കെതിരെയുള്ള കലാപ ആഹ്വാനമാണെന്ന് ആംആദ്മി പാർട്ടിയും ആരോപിച്ചു. സുപ്രീംകോടതിയുടെ മതേതര നിലപാടിനെ ചോദ്യം ചെയ്യരുതെന്ന് മുൻ ജഡ്ജി എകെ ഗാംഗുലിയും പ്രതികരിച്ചു, അതേസമയം കോടതിയെ എതിർക്കുന്നതിനോട് യോജിപ്പില്ലെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നിഷികാന്ത് ദുബേ നടത്തിയ പരാമർശം.
ബിജെപി എന്നും ജുഡീഷ്യറിയെ ബഹുമാനിക്കുകയും അതിന്റെ നിർദേശങ്ങളും വിധികളും പൂർണമനസോടെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് നദ്ദ പറഞ്ഞി. സുപ്രീംകോടതിയുൾപ്പെടെയുള്ള രാജ്യത്തെ എല്ലാ കോടതികളും നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകവും ഭരണഘടനയെ താങ്ങിനിർത്തുന്ന ശക്തമായ തൂണുമാണെന്ന് ബിജെപി വിശ്വസിക്കുന്നു. ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് താക്കളോടും മറ്റുള്ളവരോടും നിർദേശം നൽകിയിട്ടുണ്ടെന്ന് നദ്ദ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.