കഠിനമായ ചൂടിൽ ഭവാനി സാഗര്‍ ഡാം വറ്റി; 750 വർഷം പഴക്കമുള്ള ക്ഷേത്രം ഉയർന്നു വന്നു

ലോകമെങ്ങും ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി നിരവധി ഡാമുകള്‍ നിര്‍മ്മിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ ഇന്ത്യയിലും നിരവധി ഡാമുകൾ പണിതിരുന്നു. ബ്രിട്ടീഷുകാർക്ക് ശേഷം നെഹ്റു സര്‍ക്കാറും ഇന്ത്യയുടെ ഭാവി കണ്ടത് ഡാമുകളിലാണെന്നു പറയാം. സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ 1948 -ല്‍ തമിഴ്നാട്ടിലെ ഈറോഡിലൂടെ ഒഴുകുന്ന ഭവാനി, മായർ പുഴകളുടെ സംഗമ സ്ഥാനത്ത് നിര്‍മ്മിക്കപ്പെട്ട ഡാമാണ് ലോവർ ഭവാനി ഡാം (ഭവാനി സാഗര്‍ ഡാം ). ലോകത്തിലെ ഏറ്റവും വലിയ മൺ ഡാമുകളിൽ ഒന്നാണ് ഭവാനി സാഗര്‍ ഡാം. ഈ വർഷത്തെ എൽ നിനോ പ്രതിഭാസം മൂലം ഉണ്ടായ അതികഠിനമായ ചൂടിൽ ഭവാനി ഡാം വറ്റിവരണ്ടു. 750 വര്‍ഷം പഴക്കമുള്ള ക്ഷേത്ര സമുച്ചയം വെള്ളം ഇറങ്ങിയപ്പോള്‍ ഉയര്‍ന്നു വന്നു. ഡാമിലെ വെള്ളം വറ്റിയപ്പോള്‍ ഉയർന്നു വന്ന ക്ഷേത്രം മാധവപെരുമാള്‍ ക്ഷേത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇന്ന് ഡാം നില്‍ക്കുന്ന പ്രദേശത്ത് ആയിരം വര്‍ഷം മുമ്പ് ഒരു കോട്ടയുണ്ടായിരുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നുണ്ട്. ഈ കോട്ട അറിയപ്പെട്ടിരുന്നത് ഡാനൈക്കൻ കോട്ട എന്നാണ്. കോട്ടയുടെ അവശിഷ്ടങ്ങളും അവിടവിടെയായി ഉയര്‍ന്നുവന്നിട്ടുണ്ട്. മാധവരായ പെരുമാൾ, സോമേശ്വരർ, മംഗലാംബിക എന്നീ ക്ഷേത്രങ്ങൾ ‘ദനായിക്കൻ കോട്ടൈ’ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും പറയുന്നു. തമിഴ്നാട്ടിലെ ഈറോഡ് നിന്നും വയനാട്ടിലൂടെ കേരളത്തിലേക്ക് അക്കാലത്ത് വ്യാപാരവഴി ഉണ്ടായിരുന്നെന്നും പുരാവസ്തു ഗവേഷകര്‍ അവകാശപ്പെടുന്നുണ്ട് . തമിഴ്നാട്, കേരളം, കര്‍ണ്ണാടകം തുടങ്ങി ഇന്നത്തെ മൂന്ന് സംസ്ഥാനങ്ങളിലേക്കും അന്ന് ഇവിടെ നിന്നും വ്യാപാരികള്‍ കുരുമുളക്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ വ്യാപാരം നടത്തിയിരുന്നതായും പറയുന്നു. ഈ കോട്ട പിടിച്ചടക്കിയ ബ്രട്ടീഷുകാരും ഇവിടെ നിന്നും കേരളത്തിലേക്ക് വ്യാപരത്തിലേര്‍പ്പെട്ടിരുന്നതയാണ് റിപ്പോർട്ട് . സ്വാതന്ത്രാനന്തരം കൊങ്കു മേഖലയിലെ ശുദ്ധജല ആവശ്യത്തിനാണ് ഭവാനി സാഗറില്‍ ഡാം നിർമ്മിച്ചിരുന്നത് . ഡാം നിര്‍മ്മിക്കപ്പെട്ടതോടെ മാധവപെരുമാള്‍ ക്ഷേത്രം വെള്ളത്തിനടിയിലാവുകയായിരുന്നു . ഡാമിന് 105 അടി സംഭരണ ശേഷിആണ് ഉള്ളത്. ക്ഷേത്രത്തിനാകട്ടെ 53 അടി ഉയരമാണ് ഉണ്ടായിരുന്നത്. 46 അടി ജലമാണ് നിലവില്‍ ഡാമില്‍ അവശേഷിക്കുന്നത്. ഇതിന് മുമ്പ് 2018 -ല്‍ ഡാമിലെ ജലനിരപ്പ് കുറഞ്ഞപ്പോള്‍ ക്ഷേത്രത്തിന്‍റെ മേല്‍ക്കൂരമാത്രമാണ് ദൃശ്യമായിരുന്നത്. വേനല്‍ ഇനിയും ശക്തമായാല്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെടുന്നത്.