രാഹുൽ ഗാന്ധിയെ തടഞ്ഞ് പോലീസ് ; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ക്ഷേത്രദർശനത്തിന് എത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ് അസം പോലീസ്. അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. അസമിലെ നാഗോണ്‍ ജില്ലയിലെ ബോര്‍ഡോവയിലാണ് ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ജന്മസ്ഥലം. ഭാരത് ജോഡോ യാത്രയുടെ ഒമ്പതാം ദിവസമായ ഇന്ന് ക്ഷേത്ര ദര്‍ശനം നടത്തിയശേഷം യാത്ര തുടരാനാണ് നിശ്ചയിച്ചിരുന്നത്.ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ഭക്തനാണ് രാഹുല്‍ ഗാന്ധിയെന്നും എന്താണ് കടത്തിവിടാത്തതെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പോലീസുകാരോട് ചോദിച്ചെങ്കിലും വൈകിട്ട് സന്ദര്‍ശിക്കാനാണ് അനുമതി നൽകിയത് എന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം.
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കുമെന്ന് നേരത്തെ തന്നെ രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച അനുമതിയും തേടിയിരുന്നു. സന്ദര്‍ശനത്തിന് ക്ഷണം ലഭിച്ചിട്ടും കടത്തിവിടുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് രാഹുലിന് മൂന്ന് മണിക്ക് സന്ദർശനം അനുവദിക്കാമെന്നാണ് ക്ഷേത്രസമിതി ഇന്നലെ അറിയിച്ചതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ തടഞ്ഞതിനെതുടര്‍ന്ന് സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.