ബെംഗളൂരു ദുരന്തം: ക്ഷീണിതരെന്ന് പറഞ്ഞിട്ടും കേട്ടില്ല, പൊലീസ് മുന്നോട്ട് വച്ച ഉപാധികൾ സംഘാടകരും സർക്കാരും തള്ളി

ബെംഗളൂരു: ഇന്നലെ 11 പേരുടെ മരണത്തിലേക്ക് നയിച്ച ആർസിബി ടീമിൻ്റെ സ്വീകരണ പരിപാടി നടത്തിയത് പൊലീസ് മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ തള്ളിക്കൊണ്ടാണെന്ന് വ്യക്തമായി. പരിപാടി ഒരു വേദിയിലേക്ക് മാത്രം ചുരുക്കണമെന്നും അല്ലെങ്കിൽ ഞായറാഴ്ചയിലേക്ക് മാറ്റണമെന്നും എന്നായിരുന്നു പൊലീസിൻ്റെ നിർദേശം. എന്നാൽ രണ്ട് ഉപാധികളും ആർസിബി ടീം അംഗീകരിച്ചില്ല.
ഫൈനലിന് തൊട്ട് പിറ്റേന്നുള്ള ആരാധകരുടെ ആവേശം ഞായറാഴ്ചയാണെങ്കിൽ കുറയുമെന്ന് പൊലീസ് സംഘാടകരോട് പറഞ്ഞിരുന്നു. ഫൈനൽ നടന്ന കഴിഞ്ഞ ദിവസം പുലർച്ചെ തെരുവിൽ ഇറങ്ങിയ ആരാധകരെ നിയന്ത്രിക്കാൻ തന്നെ പ്രയാസപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ ക്ഷീണിതരാണെന്നും സർക്കാരിനെ അറിയിച്ചിരുന്നു. വിപുലമായ സുരക്ഷ ക്രമീകരണത്തിന് സമയം ഇല്ലെന്ന് സർക്കാരിനെ അറിയിച്ചിരുന്നെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. സർക്കാരിനെയും ആർസിബിയെയും കർണാടക ക്രിക്കറ്റ് അസോസിയേഷനെയും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ ടീമിലെ വിദേശ താരങ്ങൾക്ക് ഉടൻ മടങ്ങണം എന്നായിരുന്നു ആർസിബി പ്രതികരണം.
അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന മജിസ്റ്റീരിയൽ കമ്മീഷന് മുന്നിൽ ബെംഗളൂരു പൊലീസ് അർബൻ ഡെപ്യൂട്ടി കമ്മീഷണർ വിശദീകരണം നൽകുമെന്നാണ് വിവരം. വിക്റ്ററി പരേഡ് നടത്തുന്ന വിവരം ഉന്നത പൊലീസുദ്യോഗസ്ഥർ അറിഞ്ഞിരുന്നില്ല, ഓപ്പൺ ബസ്സിൽ സജ്ജീകരണമൊരുക്കിയതും പൊലീസ് അനുമതിയില്ലാതെയാണ്. ആളുകൾ വൻതോതിൽ തടിച്ച് കൂടിയ ശേഷം അനുമതിക്ക് പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തി, വിക്റ്ററി പരേഡിന് അവസാന നിമിഷവും പൊലീസ് അനുമതി നൽകിയില്ലെന്നും പൊലീസ് പറയുന്നു