എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു
തൃശൂര്‍: തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയിലായത് തമിഴ്‌നാട്ടിലെ നാമക്കലിലെ കുമാരപാളയത്തുവച്ച്. ആറംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ഹരിയാന സ്വദേശികളാണ് സംഘത്തിലുള്ളവര്‍. ഇവിടെവച്ച് പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതികളില്‍ ഒരാള്‍ വെടിയേറ്റുമരിച്ചു. ഒരു പൊലിസുകാരന് പരുക്കേറ്റു.
കണ്ടെയ്നറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. കവര്‍ച്ചാ സമയത്ത് ഉപയോഗിച്ച കാറും പൊലിസ് കണ്ടെടുത്തു. പണം കണ്ടയ്‌നറില്‍ കെട്ടുകെട്ടായി കൊണ്ടുപോവാനായിരുന്നു ശ്രമം. കവര്‍ച്ച സംഘത്തിന്റെ കയ്യില്‍ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലിസ് പറയുന്നു. പ്രതികളെ പിന്തുടരുന്നതിനിടെയാണ് തമിഴ്‌നാട് പൊലിസുമായി ഏറ്റുമുട്ടലുണ്ടായത്.
കവര്‍ച്ചയ്ക്ക് ശേഷം ദേശീയപാതയിലേക്ക് കടന്ന ശേഷം കാറും പണവും ഉള്‍പ്പെടെ കാറും പണവും ഉള്‍പ്പെടെ കണ്ടെയ്‌നറിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് സൂചന. ഈ കണ്ടെയ്‌നര്‍ യാത്രക്കിടെ നിരവധി വാഹനങ്ങളില്‍ ഇടിച്ചിരുന്നു. ഇതോടെ നാമക്കല്‍ പൊലിസ് കണ്ടെയ്‌നര്‍ ലോറിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. എ.ടി.എമ്മില്‍ നിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65ലക്ഷം രൂപയാണ് കവര്‍ന്നത്. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് സംഘം കവര്‍ച്ച നടത്തിയത്. എസ്ബിഐ എടിമ്മുകളിലാണ് കവര്‍ച്ച നടന്നത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കും നാല് മണിക്കുമിടയിലായിരുന്നു സംഭവം. കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. കറുത്ത പെയിന്റ് അടിച്ച് സി.സി.ടി.വി മറച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.