Cancel Preloader
Edit Template

അഥീന ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങി; വീണ്ടും യന്ത്രക്കാലുകള്‍ ചതിച്ചോ എന്ന് സംശയം

 അഥീന ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങി; വീണ്ടും യന്ത്രക്കാലുകള്‍ ചതിച്ചോ എന്ന് സംശയം

ടെക്സസ്: ശാസ്ത്രലോകത്തിന് ആകാംക്ഷ നിറച്ച് ചന്ദ്രനിൽ ഇറങ്ങാൻ ശ്രമിച്ച അമേരിക്കൻ സ്വകാര്യ കമ്പനി ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ അഥീന ലാൻഡർ പ്രതിസന്ധിയിൽ. പേടകം ലാൻഡ് ചെയ്തെങ്കിലും ഇപ്പോൾ നേരെ നിൽക്കുകയല്ല എന്നാണ് വിവരം. ഇന്ത്യൻ സമയം രാത്രി 11:01-നാണ് പേടകം ചന്ദ്രനിൽ ഇറങ്ങിയത്. പേടകത്തിൽ നിന്ന് സിഗ്നൽ ലഭിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ഊർജ്ജം സോളാർ പാനലുകളിൽ നിന്ന് ഉത്പാദിപ്പിക്കാനാകുന്നില്ല. പേടകവുമായി ആശയവിനിമയത്തിലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ലാന്‍ഡിംഗിനിടെ അഥീന ലാന്‍ഡര്‍ മറ‍ിഞ്ഞുവീണോ അതോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ സംഭവിച്ചോ എന്നത് വ്യക്തമല്ല.

ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ തന്നെ ആദ്യ ചാന്ദ്ര ലാൻഡറായ ഒഡീസിയസ് കഴിഞ്ഞ വര്‍ഷം സമാന പ്രതിസന്ധിൽ പെട്ടിരുന്നു. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ സ്വകാര്യ ലാൻഡർ എന്ന നേട്ടം സ്വന്തമാക്കിയെങ്കിലും പേടകം കാലൊടിഞ്ഞ് അന്ന് മറിഞ്ഞു വീഴുകയായിരുന്നു. അഥീനയുടെ കാര്യത്തിൽ വിവരശേഖരണം നാസയും ഇന്‍റ്യൂറ്റീവ് മെഷീൻസും തുടരുകയാണ്. ഭാവിയില്‍ മനുഷ്യനെ ഇറക്കാന്‍ പദ്ധതിയിടുന്ന ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് അഥീന പേടകം ഇറങ്ങിയിരിക്കുന്നത്.

ആറ് കാലുകളാണ് ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ രണ്ടാമത്തെ ചാന്ദ്ര ലാന്‍ഡറായ അഥീനയ്ക്കുള്ളത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 160 കി.മീ ദൂരത്തായിരുന്നു ലാന്‍ഡിംഗ് സ്ഥലം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇവിടുത്തെ സങ്കീര്‍ണമായ ഉപരിതലം അഥീനയുടെ സോഫ്റ്റ് ലാന്‍ഡിംഗ് ദുര്‍ഘടമാക്കിയോ എന്ന് സംശയിക്കുന്നു. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യം കണ്ടെത്തുന്നതിനടക്കം 11 പേലോഡുകളും ശാസ്ത്രീയ ഉപകരണങ്ങളുമാണ് അഥീനയിലുള്ളത്. ചന്ദ്രോപരിതലം തുരന്ന് ജലസാന്നിധ്യം അഥീനയിലെ പ്രൈം-1 എന്ന ഉപകരണം പരിശോധിക്കും. ചന്ദ്രോപരിതലത്തില്‍ നിന്ന് മൂന്നടി താഴേക്ക് കുഴിക്കാനും സാംപിള്‍ ശേഖരിക്കാനും ഈ ഉപകരണത്തിനാകും. ആകെ മൂന്ന് ലാന്‍ഡറുകളും ഒരു ഹോപ്പറും അഥീനയിലുണ്ട്.

മാർച്ച് രണ്ടാം തീയതി മറ്റൊരു സ്വകാര്യ അമേരിക്കൻ കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡർ ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയിരുന്നു. കേവലം നാല് ദിവസത്തെ ഇടവേളയിൽ രണ്ടാമതൊരു പേടകം കൂടി ചന്ദ്രനിൽ ഇറങ്ങുന്നതിൽ വിജയിച്ചാൽ അത് നാസയ്ക്കും ബഹിരാകാശ രംഗത്തെ സ്വകാര്യ കമ്പനികള്‍ക്കും ചരിത്ര നേട്ടമാകും എന്നാണ് കരുതപ്പെട്ടിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഇന്‍റ്യൂറ്റീവ് മെഷീന്‍സിന്‍റെ അഥീന ലാന്‍ഡറിനെ നാസ ചന്ദ്രനിലേക്ക് അയച്ചത്. 

Related post

Leave a Reply

Your email address will not be published. Required fields are marked *