അവകാശവാദങ്ങളില്ലാതെ തന്നെ പ്രേക്ഷകമനസിൽ ഇടംനേടി അന്വേഷിപ്പിൻ കണ്ടെത്തും
വലിയ അവകാശവാദങ്ങൾ ഒന്നുമില്ലാതെയാണ് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമ തിയേറ്ററിൽ എത്തിയത്. പക്ഷേ പ്രേക്ഷകനെ വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് ഈ സിനിമയിലുണ്ട്. ഹൈപ്പ് നൽകാത്തതിന്റെ കാരണം ഇതാകാം, ചിത്രത്തിന്റെ കണ്ടന്റിലുള്ള അണിയറക്കാരുടെ ആത്മവിശ്വാസം. വയലൻസ് രംഗങ്ങളോ രക്തചൊരിച്ചിലുകളോ ഒന്നുമില്ലാതെ ആളുകളെ ആകാംക്ഷയുടെ പരകോടിയിൽ എത്തിക്കുന്ന സിനിമ തിയറ്ററിൽ തന്നെ കാണേണ്ട ഒന്നാണ്.
ഡാർവിൻ കുര്യാക്കോസ് പ്രഗത്ഭനായ സംവിധായകനാണെന്നതിൽ ഇനി തർക്കം ഒന്നും വേണ്ട. ത്രില്ലിങ് മൊമന്റ് നിരവധിയുള്ള സിനിമയെ ഇത്ര എൻഗേജിങ് ആയി കൊണ്ടുപോകുന്നതിന് സംവിധായകൻ നടത്തിയ നിരീക്ഷണ പാടവം കയ്യടി അർഹിക്കുന്നുണ്ട്. തന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണിതെന്ന് പറയുകയേയില്ല. തിരക്കഥയിൽ ഒരു പരീക്ഷണം നടത്തിയിട്ടുള്ള സിനിമയാണിതെന്ന് തിരക്കഥാകൃത്തായ ജിനു വി. ഏബ്രഹാം നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞത് കേട്ടിരുന്നു. അത് അച്ചട്ടായി, ഇങ്ങനെയൊരു ഇൻവസ്റ്റിഗേറ്റീവ് ഡ്രാമ ഇതാദ്യമായാണ് കാണുന്നത്.
പ്രേക്ഷകനിലേക്ക് മുഴുവൻ സമയം ആകാംക്ഷ പടർത്താൻ ജിനുവിന്റെ എഴുത്തിനു കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകന്റെ ഊഹാപോഹങ്ങളെ തകർത്തെറിയുന്ന കഥാശൈലിയാണ് സിനിമയിൽ അദ്ദേഹം സ്വീകരിച്ചത്. ഏച്ചുകെട്ടലുകളില്ലാതെ ഇങ്ങനെയൊരു തിരക്കഥ എഴുതിയ ജിനുവും അഭിനന്ദനം അർഹിക്കുന്നു. സീരിയസായ സന്ദർഭങ്ങൾക്കിടയിലും ചുണ്ടിൽ ചിരി വിടർത്താൻ എഴുത്ത് കാരന് കഴിഞ്ഞു.
ടൊവിനോ തോമസും മറ്റ് അഭിനേതാക്കളുമെല്ലാം തങ്ങളുടെ കഥാപാത്രത്തെ ഏറ്റവും മികവുറ്റതാക്കി തിയേറ്ററിന് മുൻപിലെത്തിച്ചു. ഇത് കൂടാതെ സന്തോഷ് നാരായണൻറെ സംഗീതവും സൈജു ശ്രീധറിൻറെ എഡിറ്റിംഗും ദിലീപ് നാഥിൻറെ ആർട്ടുമൊക്കെ ഏറെ മികവുറ്റ രീതിയിലുള്ളതാണ്. തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്.