ചാലിയാറിന് സമീപത്ത് വീണ്ടും ശരീര ഭാഗം കണ്ടെത്തി
എടക്കര (മലപ്പുറം): വയനാട് ഉരുള്‍പൊട്ടലില്‍ വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഇന്ന് നടത്തിയ തിരച്ചിലില്‍ ചാലിയാറിന് സമീപത്തു നിന്നായി രണ്ട് ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. മലപ്പുറം മുണ്ടേരി കുമ്പളപ്പാറയില്‍ നിന്നും തലപ്പാലിയില്‍ നിന്നുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
ചാലിയാറില്‍ തിങ്കളാഴ്ച നടത്തിയ ഒരു മൃതദേഹവും ഒരു ശരീരഭാഗവും കണ്ടെത്തിയിരുന്നു. പോത്തുകല്‍ മുണ്ടേരി ഇരുട്ടുകുത്തി കടവിന് നൂറുമീറ്റര്‍ താഴെയായി ചാലിയാറിന്റെ തീരത്തു നിന്നാണ് മൃതദേഹം കിട്ടിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് ആദിവാസികളും വനപാലകരും നടത്തിയ പരിശോധനയിലാണ് അരക്ക് മുകളിലുള്ള പുരഷന്റെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ പനങ്കയം കടവിന് സമീപം കൊട്ടുപാറയിലും ശരീരഭാഗം കണ്ടെത്തി.
ഇന്ന് (ചൊവ്വാഴ്ച) പൊലിസ്, വനം, ഫയര്‍, എന്‍.ഡി.ആര്‍.എഫ് സേനകള്‍ക്കൊപ്പം മറ്റു സന്നദ്ധ സംഘടനകളെയും ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍. മുണ്ടേരി ഇരുട്ടികുത്തി കടവ് മുതല്‍ മുകളിലേക്ക് പരപ്പന്‍പാറവരെയും ഇരുട്ടുകുത്തി മുതല്‍ ചുങ്കത്തറ പൂക്കോട്ടുമണ്ണ കടവ് വരെയുമാണ് സംഘം തിരിഞ്ഞ് തിരച്ചില്‍ നടത്തുന്നത്.
അതേസമയം, മുണ്ടക്കൈ ദുരന്തത്തില്‍ ഒഴുകിയെത്തിയ കൂടുതല്‍ മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയിലെ മണ്‍തിട്ടകള്‍ക്കടിയില്‍ ഉണ്ടെന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസം ചാലിയാറില്‍ ഉണ്ടായ ശക്തമായ ഒഴുക്കിനെത്തുടര്‍ന്നാണ് ഇരുട്ടുകുത്തിയില്‍ മണല്‍തിട്ടയ്ക്കടിയില്‍നിന്ന് ഒരു മൃതദേഹം കണ്ടെടുക്കാനായത്. മലവെള്ളപ്പാച്ചിലില്‍ മണല്‍തിട്ട ഒലിച്ച് പോകുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്തതോടെ നായ്ക്കളാണ് മൃതദേഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നായ്ക്കള്‍ മണ്‍തിട്ട മാന്തുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് ഒരു പുരുഷന്റേതെന്ന് കരുതുന്ന മൃതദേഹം രക്ഷാ പവര്‍ത്തകര്‍ ഇന്നലെ പുറത്തെടുത്തത്.
മേഖലയില്‍ ശക്തമായ മഴ മാറിയിട്ട് ഒരാഴ്ചയിലധികമായി. മണലും മണ്ണും നിറഞ്ഞ് ചാലിയാര്‍ പുഴയുടെ ആഴം തീരെ കുറഞ്ഞ അവസ്ഥയായിരുന്നു. പലയിടങ്ങളിലും പുഴ ഇറങ്ങിക്കടക്കാന്‍ പാകത്തിന് മാത്രമേ വെള്ളമുള്ളൂ. എന്നാല്‍ ഞായറാഴ്ച മുണ്ടേരി, മേപ്പാടി വനമേഖലയിലും പോത്തുകല്ലിലും കനത്ത മഴ പെയ്തിരുന്നു. ശക്തമായ ഒഴുക്കില്‍ പുഴയില്‍ രൂപപ്പെട്ട മണല്‍ത്തിട്ടകള്‍ ഒഴുകിപ്പോയിരുന്നു. തിരച്ചിലുമായി ബന്ധപ്പെട്ട് ഞായറാഴ്ച യോഗത്തിനെത്തിയ വനപാലകര്‍ ചാലിയാറില്‍ വെള്ളം കൂടിയതിനാല്‍ തിരികെ പോകാനാതെ കുടുങ്ങിയിരുന്നു. തിങ്കളാഴ്ചയാണിവര്‍ പുഴ കടന്ന് വാണിയംപുഴ വനം ഓഫിസിലെത്തിയത്.
ഉരുള്‍പൊട്ടലില്‍ കാണാതായര്‍ക്ക് വേണ്ടി ചാലിയാര്‍ പുഴയില്‍ കഴിഞ്ഞ പതിനാല് ദിവസങ്ങളായി തുടരുന്ന തിരച്ചിലില്‍ തിങ്കളാഴ്ച വരെ 80 മൃതദേഹങ്ങളും 167 ശരീരഭാഗങ്ങളുമാണ് കണ്ടെടുത്തത്.