Cancel Preloader
Edit Template

പൊട്ടിത്തെറികള്‍ക്കിടെ നാളെ അമ്മ എക്‌സിക്യുട്ടീവ് യോഗം

 പൊട്ടിത്തെറികള്‍ക്കിടെ നാളെ അമ്മ എക്‌സിക്യുട്ടീവ് യോഗം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണങ്ങള്‍ നേരിടുന്ന താരസംഘടനയായ അമ്മയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി പുതിയ പരാതികൾ. ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ രാജിയിലേക്ക് നയിച്ച ലൈംഗികാതിക്രമ പരാതിയില്‍ അമ്മ നേതൃത്വത്തിന്റെ നിലപാടുകളെ തുറന്നെതിര്‍ത്ത് ഭാരവാഹികള്‍ തന്നെ രംഗത്തുവരുകയാണ്. ഭാരവാഹികള്‍ തന്നെ സംഘടനയുടെ നിലപാടുകള്‍ക്കും നേതൃത്വത്തിനുമെതിരേ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന അമ്മ എക്‌സിക്യുട്ടീവ് യോഗം പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.

വൈസ് പ്രസിഡന്റുമാരായ ജഗദീഷ്, ജയന്‍ ചേര്‍ത്തല, എക്‌സിക്യുട്ടീവ് അംഗങ്ങളായ ജോയി മാത്യു, ടൊവിനോ തോമസ്, അന്‍സിബ ഹസന്‍ തുടങ്ങിയവര്‍ ശക്തമായ ആരോപണങ്ങളാണ് സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ അതിക്രമങ്ങള്‍ക്കെതിരേ ഉന്നയിച്ചത്. ആരോപണം നേരിടുന്നവര്‍ക്കെതിരേയാണ് ഭാരവാഹികള്‍ നിലപാട് വ്യക്തമാക്കിയതെങ്കിലും ഫലത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ സംഘടന സ്വീകരിച്ചുവരുന്ന നിലപാടുകളെ കൂടെയാണ് പ്രതിക്കൂട്ടിലാക്കുന്നത്.

വൈസ് പ്രസിഡന്റായ ജയന്‍ ചേര്‍ത്തലയാണ് ആദ്യ വെടി പൊട്ടിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള അമ്മയുടെ പ്രതികരണം വൈകിയെന്നും അത് സംശയങ്ങള്‍ക്ക് ഇടവരുത്തിയതായും ജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അമ്മയുടെ മൗനം സംഘടനയെ മൊത്തം സംശയമുനയിലാക്കുമെന്നും ജയന്‍ അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ ജയന്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ ഉച്ചകഴിഞ്ഞാണ് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാര്‍ത്താസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കിയത്. അന്ന് തന്നെയാണ് നടന്‍ ജഗദീഷും പ്രതികരിച്ചത്. നടിയുടെ പരാതിയില്‍ കേസെടുത്താല്‍ അതിനെ നേരിടേണ്ടത് സിദ്ദിഖാണെന്നും സംഘടനയെന്ന നിലയില്‍ അമ്മ കേസിന് പിന്തുണ നല്‍കേണ്ടതില്ലെന്നും ജഗദീഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടിക്ക് നീതി കിട്ടണമെന്നും ജഗദീഷ് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഒറ്റപ്പെട്ടതായി കരുതുന്നില്ലെന്നായിരുന്നു നടി അന്‍സിബാ ഹസന്റെ പ്രതികരണം. അതിവേഗ കോടതികളിലൂടെ ഇത്തരം പരാതികൾ തീര്‍പ്പാക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ പേർ പരാതികളുമായി രംഗത്തുവരും. ആരെയും പേടിക്കാതെ പരാതികളുന്നയിക്കാന്‍ സിനിമാ രംഗത്തടക്കമുള്ള സ്ത്രീകള്‍ക്ക് കഴിയണം. അതിനുള്ള സാഹചര്യമൊരുക്കുകയാണ് സര്‍ക്കാരും സംഘടനകളും ചെയ്യേണ്ടതെന്നും അന്‍സിബ പറഞ്ഞു.

നിലവില്‍ അമ്മയുടെ ഭാരവാഹികളല്ലാത്ത നടി ശ്വേതാ മേനോന്‍, നടന്‍ അനൂപ് ചന്ദ്രന്‍ തുടങ്ങിയവരും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും സിദ്ദിഖിനെതിരായ ആരോപണത്തിലും പ്രതികരിച്ചിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *