എയര്‍ ഇന്ത്യയുടെ എയര്‍ബസ് വിമാനം ഗള്‍ഫിലേക്കടക്കം പറന്നത് സുരക്ഷ പരിശോധന നടത്താതെ; ഡിജിസിഎ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി റോയിട്ടേഴ്സ്

ദില്ലി: അഹമ്മദബാദിലെ വിമാന ദുരന്തത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് എയര്‍ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ മൂന്ന് എയര്‍ബസ് വിമാനങ്ങളുടെ അടിയന്തര സംവിധാനങ്ങളുടെ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കാതെ സര്‍വീസ് തുടരുന്നത് സംബന്ധിച്ചാണ് ഡയറക്ടര്‍ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകിയതെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുരക്ഷാ പരിശോധന നടത്താതെ മൂന്ന് വിമാനങ്ങൾ സർവീസ് നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്.അഹമ്മദാബാദിൽ ബോയിങ് 787 -8 ഡ്രീം ലൈനര്‍ വിഭാഗത്തിലുള്ള എഐ 171 വിമാനമാണ് അപകടത്തിൽപ്പെട്ടതെങ്കിലും എയര്‍ഇന്ത്യയുടെ മറ്റു വിമാനങ്ങളുടെ സുരക്ഷ പരിശോധനയിലെ വീഴ്ചയടക്കം ചൂണ്ടികാട്ടി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അടിയന്തര സുരക്ഷ സംവിധാനത്തിൽ (എമര്‍ജെന്‍സി എക്യൂപ്മെന്‍റ്) സമയാസമയുള്ള പരിശോധന നടത്താതെയാണ് മൂന്ന് എയര്‍ ഇന്ത്യയുടെ എയര്‍ ബസ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയതെന്നാണ് കഴിഞ്ഞ മാസം ഡിജിസിഎ നടത്തിയ സ്പോട്ട് പരിശോധനയിൽ കണ്ടെത്തിയതെന്നാണ് റോയിട്ടേഴ്സ് പറയുന്നത്. സുരക്ഷാ പരിശോധന ഒരു മാസം വൈകിയിട്ടും ഇതിനിടയിൽ എയര്‍ബസ് എ 320 ദുബായ്, റിയാദ്, ജിദ്ദ തുടങ്ങിയ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നടത്തിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.