Cancel Preloader
Edit Template

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസ്, മരിച്ച 80 പേരെ തിരിച്ചറിഞ്ഞു

 അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസ്, മരിച്ച 80 പേരെ തിരിച്ചറിഞ്ഞു

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശവാസികളായ നാലു പേരെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ബന്ധുക്കള്‍ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ നാലു പേരെയാണ് കാണാതായത്.

ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. മരിച്ചവരിൽ ഇതുവരെ 80പേരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞതിൽ 33 പേരുടെ മൃതദേഹങ്ങള്‍ വിട്ടു നൽകി. വിമാന അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

വിമാന അപകടത്തിൽ 274 പേരാണ് മരിച്ചതെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്.കൂടുതൽ പേരുടെ ഡിഎൻഎ പരിശോധന ഇന്ന് പൂർത്തിയാകും. അപകടത്തിൽ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎൻഎ ഫലം ഇന്ന് പുറത്തു വന്നേക്കും. അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്നും തുടരും.

അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തെ കുറിച്ചന്വേഷിക്കാന്‍ രൂപീകരിച്ച ഉന്നത തല സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും. ഭാവിയില്‍ ഇത്തരം ആവര്‍ത്തിക്കാതെ വ്യോമയാന മേഖലയില്‍ സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശവും നല്‍കും. അപകടത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ സമയമാണ് സമിതിക്ക് നല്‍കിയിരിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *