Cancel Preloader
Edit Template

അഹമ്മദാബാദ് വിമാനാപകടം: ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനോ? സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമങ്ങളിൽ റിപ്പോര്‍ട്ട്

 അഹമ്മദാബാദ് വിമാനാപകടം: ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനോ? സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമങ്ങളിൽ റിപ്പോര്‍ട്ട്

ദില്ലി : അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം എങ്ങനെ തക‍ര്‍ന്നുവീണുവെന്നതിൽ അന്വേഷണം നടക്കുന്നതിനിടെ സീനിയ‍ര്‍ പൈലറ്റിനെ സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേര്‍ണലിൽ റിപ്പോ‍ര്‍ട്ട്. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ (ഫ്യുവൽ സ്വിച്ചുകൾ) ഓഫ് ചെയ്തത് സീനിയർ പൈലറ്റായ ക്യാപ്റ്റൻ സുമിത് സബർവാൾ ആണെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജൻസിയായ റോയിറ്റേഴ്സിനെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അമേരിക്കൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല.

എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങളെ ഉദ്ധരിച്ചാണ് വാൾസ്ട്രീറ്റ് ജേർണലും റോയിട്ടേഴ്സും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽപ്പെട്ട ബോയിംഗ് 787 വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് എഎഐബി റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് യാന്ത്രികമായി സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും മനുഷ്യ ഇടപെടൽ കൊണ്ടാവാമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

ഇതോടൊപ്പം ബ്ലാക് ബോക്സ് പരിശോധിച്ചപ്പോൾ, കോക്ക്പിറ്റ് വോയിസ് റെക്കോർഡറിൽ നിന്നുള്ള ശബ്ദരേഖകളിൽ, ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ ക്യാപ്റ്റൻ സുമിത് സബർവാളിനോട്, എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേൾക്കാം. ഇതിന് മറുപടിയായി, “ഞാനല്ല ചെയ്തത്” എന്ന് ക്യാപ്റ്റൻ പറയുന്നതായും റിപ്പോർട്ടിലുണ്ട്. അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത് ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദർ ആയിരുന്നു. ക്യാപ്റ്റൻ സുമിത് സബർവാൾ നിരീക്ഷകന്റെ റോളിലായിരുന്നു.

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ഡ്രീംലൈനർ ബോയിംഗ് 787-8 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽത്തന്നെ എൻജിനുകളിലേക്ക് ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരും ജീവനക്കാരും നിലത്തുണ്ടായിരുന്നവരും ഉൾപ്പെടെ മരിച്ചു. 

Related post

Leave a Reply

Your email address will not be published. Required fields are marked *