സെൻ്റ് സേവ്യേഴ്സ് കോളേജും കെ.സി.എയും തമ്മിലുള്ള കരാർ പുതുക്കി; ഗ്രൗണ്ട് ലീസ് 17 വർഷത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം: കേരളത്തിൻ്റെ ക്രിക്കറ്റ് വളർച്ചയ്ക്ക് ഊർജം പകരുന്ന തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജും കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കി. കോളേജിൻ്റെ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിനായുള്ള പാട്ടക്കരാർ 17 വർഷത്തേക്ക് കൂടി പുതുക്കി ഒപ്പുവെച്ചു. ഇതോടെ, തിരുവനന്തപുരത്തെ സെൻ്റ് സേവ്യേഴ്സ് – കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിൻ്റെ നടത്തിപ്പും വികസനവും ഉൾപ്പെടെയുള്ള മൊത്തം കരാർ കാലയളവ് 33 വർഷമായി ഉയർന്നു.
സെൻ്റ് സേവ്യേഴ്സ് കോളേജ് മാനേജർ ഫാദർ സണ്ണി ജോസ് എസ്.ജെയും കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്. കുമാറും ചേർന്നാണ് പുതിയ കരാറിൽ ഒപ്പുവെച്ചത്.
പുതുക്കിയ കരാർ പ്രകാരം, തിരുവനന്തപുരം മേനംകുളം വില്ലേജിലെ 6.3 ഏക്കർ വരുന്ന ഗ്രൗണ്ടിൻ്റെയും അനുബന്ധ സൗകര്യങ്ങളുടെയും പൂർണ്ണ ഉപയോഗവും നടത്തിപ്പും തുടർന്നും കെ.സി.എയുടെ മേൽനോട്ടത്തിലായിരിക്കും. പിച്ചുകൾ, പവലിയൻ, അനുബന്ധ സൗകര്യങ്ങൾ എന്നിവയുടെയെല്ലാം പരിപാലനവും കാലോചിതമായ നവീകരണവും കെ.സി.എയുടെ ഉത്തരവാദിത്തമാണ്. ഗ്രൗണ്ട് തുടർന്നും “സെൻ്റ് സേവ്യേഴ്സ് – കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ട്” എന്ന പേരിൽ തന്നെ അറിയപ്പെടും.
ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കെ.സി.എ ഗ്രൗണ്ട് ഉപയോഗിക്കുമ്പോൾ തന്നെ, ധാരണ പ്രകാരമുള്ള വ്യവസ്ഥകൾക്ക് അനുസരിച്ച് കോളേജിൻ്റെ ക്രിക്കറ്റ് ആവശ്യങ്ങൾക്കായി ഗ്രൗണ്ട് ലഭ്യമാക്കും. ചടങ്ങില്‍ കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, കോളേജ് പ്രിന്‍സിപ്പല്‍ തോമസ് സക്കറിയ, രസതന്ത്ര അധ്യാപകന്‍ ഫാദര്‍ ബിജു, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രൻ, പ്രസിഡൻ്റ് അഡ്വ. കെ.കെ രാജീവ്, കെ.സി.എ ക്യുറേറ്റര്‍ ചന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ ഏറ്റവും വലിയ ബൗണ്ടറികളുള്ള ഈ ഗ്രൗണ്ടിൽ 12 പിച്ചുകളാണുള്ളത്. ഇതിൽ എട്ടെണ്ണം ബി.സി.സി.ഐയുടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ നടത്താൻ പര്യാപ്തമാണ്. കൂടാതെ, പരിശീലനത്തിനായി രണ്ട് വിക്കറ്റുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 2011-ൽ നിർമ്മാണം ആരംഭിച്ച് 2015-ൽ പൂർത്തിയായ ഈ ഗ്രൗണ്ട്, 2017-ലാണ് ആദ്യത്തെ രഞ്ജി ട്രോഫി മത്സരത്തിന് ആതിഥേയത്വം വഹിച്ചത്. അതിനുശേഷം രഞ്ജി ട്രോഫി, ബോർഡ് പ്രസിഡൻ്റ്സ് ഇലവൻ – ഇംഗ്ലണ്ട് ലയൺസ് മത്സരം, സയ്യിദ് മുഷ്താഖ് അലി ടൂർണമെൻ്റ്, കേണൽ സി.കെ. നായിഡു ട്രോഫി, ബി.സി.സി.ഐ വിമൻസ് ഏകദിന മത്സരങ്ങൾ, അണ്ടർ 19 ത്രിരാഷ്ട്ര പരമ്പര എന്നിവ ഉൾപ്പെടെ 25-ഓളം ബോർഡ് മത്സരങ്ങൾക്ക് ഗ്രൗണ്ട് വേദിയായിട്ടുണ്ട്.
“കായികരംഗത്തെയും യുവജനങ്ങളെയും പ്രോത്സാഹിപ്പിക്കുകയെന്ന ഞങ്ങളുടെ കാഴ്ചപ്പാടിനോട് ചേർന്നുനിൽക്കുന്ന ഈ പങ്കാളിത്തം തുടരുന്നതിൽ അതിയായ സന്തോഷമുണ്ട്. നിരവധി പ്രതിഭകളെ വളർത്തിയെടുത്ത ഈ കളിയിടം ഇനിയും ഒരുപാട് നാഴികക്കല്ലുകൾ പിന്നിടുമെന്ന് പ്രതീക്ഷിക്കുന്നു,” കോളജ് മാനേജർ ഫാദർ സണ്ണി ജോസ് എസ്.ജെ പറഞ്ഞു.
“ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും കേരളത്തിലെ ക്രിക്കറ്റിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള കെസിഎയുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് ഈ കരാർ. സെൻ്റ് സേവ്യേഴ്സ് കോളേജ് നൽകുന്ന വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി,” കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു.
ഗ്രൗണ്ടിൻ്റെ ഉടമസ്ഥാവകാശം കോളേജിൽ നിലനിർത്തിക്കൊണ്ടുതന്നെ, കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താൻ കെ.സി.എക്ക് അധികാരം നൽകുന്നതാണ് കരാർ. സുതാര്യതയ്ക്കും പരസ്പര ബഹുമാനത്തിനും ഊന്നൽ നൽകി, കായിക മികവ് എന്ന പൊതുലക്ഷ്യത്തോടെയാണ് ഇരു സ്ഥാപനങ്ങളും മുന്നോട്ടുപോകുന്നത്.