അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ആറരയോടെയാണ് സംഭവം. രക്തസമർദത്തിലെ വ്യതിയാനമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു. കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
കൂട്ടക്കൊലക്കേസ് അഫാനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടത്. മുത്തശ്ശി സൽമാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയിൽ ഉൾപ്പടെ എത്തിച്ചാവും ആദ്യം തെളിവെടുപ്പ് നടത്തുക. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ മൂന്ന് ദിവസത്തേക്ക് ഇന്നലെ പാങ്ങോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലും കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന മൊഴി അഫാൻ ആവർത്തിച്ചു. സൽമാ ബീവിയോട് പലതവണ സഹായം ചോദിച്ചിരുന്നു. മാലയടക്കം നല്കാന് ആവശ്യപ്പെട്ടിരുന്നു. അത് നല്കാത്തതിനാലാണ് കൊലപ്പെടുത്തിയതന്നാണ് അഫാന് പറഞ്ഞത്.
അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക നിരീക്ഷണം. കടബാധ്യതയെ തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് ജയിൽ ഉദ്യോഗസ്ഥരോടും അഫാൻ പറഞ്ഞത്.