Cancel Preloader
Edit Template

അദാണി റോയല്‍സ് കപ്പ്: ആവേശപ്പോരാട്ടത്തിനൊടുവില്‍ വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സിന് കിരീടം

 അദാണി റോയല്‍സ് കപ്പ്: ആവേശപ്പോരാട്ടത്തിനൊടുവില്‍ വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സിന് കിരീടം

കോവളം: അവസാന പന്തുവരെ ആവേശം അലതല്ലിയ കലാശപ്പോരാട്ടത്തില്‍ ഹിറ്റേഴ്‌സ് എയര്‍പോര്‍ട്ടിനെ കീഴടക്കി വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സ് പ്രഥമ അദാണി റോയല്‍സ് കപ്പില്‍ മുത്തമിട്ടു. അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍, വിജയറണ്‍ നേടാന്‍ അവസാന പന്തില്‍ ബൗണ്ടറി പായിച്ചാണ് ബാച്ച്‌മേറ്റ്‌സ് ആവേശകരമായ വിജയം സ്വന്തമാക്കിയത്.

പതിനാറ് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ആവേശകരമായ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്. ആദ്യ സെമിയില്‍ അരോമ എയര്‍പോര്‍ട്ടിനെ പരാജയപ്പെടുത്തിയാണ് വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സ് ഫൈനലില്‍ ഇടംപിടിച്ചത്. രണ്ടാം സെമിയില്‍ ക്രേസി 11 വിഴിഞ്ഞത്തെ തകര്‍ത്ത് ഹിറ്റേഴ്‌സ് എയര്‍പോര്‍ട്ടും കലാശക്കളിക്ക് യോഗ്യത നേടി.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഹിറ്റേഴ്‌സ് എയര്‍പോര്‍ട്ട്, നിശ്ചിത അഞ്ച് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സിനായി വെടിക്കെട്ട് ബാറ്റര്‍ ഇമ്മാനുവേല്‍ നിറഞ്ഞാടിയപ്പോള്‍ മത്സരം ആവേശക്കൊടുമുടി കയറി. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍, സമ്മര്‍ദ്ദത്തെ അതിജീവിച്ച് അവസാന പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബാച്ച്‌മേറ്റ്‌സ് ലക്ഷ്യം മറികടന്നു (64/1).

ടൂര്‍ണമെന്റിന്റെ യഥാര്‍ത്ഥ താരം വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സിന്റെ ഇമ്മാനുവേല്‍ ആയിരുന്നു. ഫൈനലില്‍ വെറും 22 പന്തില്‍ നിന്ന് 56 റണ്‍സ് അടിച്ചുകൂട്ടിയ ഇമ്മാനുവേലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിന് വിജയമൊരുക്കിയത്. ടൂര്‍ണമെന്റിലുടനീളം 207 റണ്‍സ് നേടിയ ഇമ്മാനുവേല്‍ തന്നെയാണ് കളിയിലെ താരവും ടൂര്‍ണമെന്റിലെ താരവും. മികച്ച ബൗളറായി മച്ചമ്പീസ് വിഴിഞ്ഞത്തിന്റെ താരം വിജയിയെയും തിരഞ്ഞെടുത്തു.

തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ കോവളം എം.എല്‍.എ എം. വിന്‍സെന്റ്, വിഴിഞ്ഞം വോയേജ് ചര്‍ച്ച് വികാരി
ഫാ.ഡോ. നിക്കോളാസ് എന്നിവര്‍ ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. കൗണ്‍സിലര്‍ പനത്തുറ ബൈജു, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശ്, അദാണി പോര്‍ട്ട് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഹെഡ് ഡോ. അനില്‍ ബാലകൃഷ്ണന്‍,അദാണി ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് ചീഫ് ഓഫീസര്‍ രാഹുല്‍ ഭട്കോട്ടി, കേരള റീജിയണല്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഹെഡ് മഹേഷ് ഗുപ്തന്‍, ട്രിവാന്‍ഡ്രം റോയല്‍സ് മാനേജ്‌മെന്റ് പ്രതിനിധി മനോജ് മത്തായി, ടീം പി.ആര്‍ മേധാവി ഡോ. മൈതിലി, ട്രിവാന്‍ഡ്രം റോയല്‍സ് ഫീല്‍ഡിങ് കോച്ച് മഥന്‍ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *