നടന് ടി.പി മാധവന് അന്തരിച്ചു
പത്തനംതിട്ട: നടനും നിര്‍മ്മാതാവുമായ ടി.പി മാധവന് (88 ) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വര്‍ഷങ്ങളായി പത്തനാപുരം ഗാന്ധിഭവനില്‍ ആയിരുന്നു താമസം. സംസ്കാരം നാളെ വൈകിട്ട് ശാന്തികവാടത്തില്‍ നടക്കും.
കഴിഞ്ഞ ദിവസം ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. മലയാള സിനിമയിലെ താരസംഘടനയായ എ.എം.എം.എയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. 1994 മുതല്‍ 1997 വരെ എ.എം എം എയുടെ ജനറല്‍സെക്രട്ടറിയും 2000 മുതല്‍ 2006 വരെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
1975ല്‍ രാഗം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. നിരവധി സീരിയലുകളിലും അഭിനയിച്ചു. ശാരീരിക അവശതകളെ തുടര്‍ന്ന് 2016ല്‍ സിനിമാഭിനയ രംഗത്ത് നിന്ന് വിരമിച്ചു.