ബലാത്സംഗകേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം
ദില്ലി: ബലാത്സംഗകേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ അംഗീകരിച്ച് സുപ്രീംകോടതി. നടി പരാതി നല്കാൻ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും സിദ്ദിഖിന് നിർദ്ദേശം നല്കി.
ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര മിശ്ര എന്നിവരുടെ ബഞ്ച് ഹ്രസ്വവാദം കേട്ട ശേഷമാണ് നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്. രക്ഷിതാക്കളുടെ കൂടെയാണ് സിദ്ദിഖിനെ കാണാൻ നടി വന്നതെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ മുകുൾ റോതഗി വാദിച്ചു. ആദ്യ ഫെയ്സ്ബുക്ക് പോസ്ററിൽ സിദ്ദിഖിനെതിരെ ആരോപണം ഇല്ലായിരുന്നു. മാധ്യമങ്ങളിലൂടെയും പിന്നീട് അപമാനിച്ചു. ഇത് ചൂണ്ടിക്കാട്ടി സിദ്ദിഖ് പരാതി നല്കിയ ശേഷമാണ് നടി പൊലീസിനെ സമീപിച്ചതെന്നും റോതഗി വ്യക്തമാക്കി.
പഴയ മൊബൈൽ ഫോണുകൾ തന്‍റെ കൈയ്യിൽ ഇല്ലെന്നും സിദ്ദിഖ് ആവർത്തിച്ചു നടി പറഞ്ഞ കാര്യങ്ങൾ പ്രഥമദൃഷ്ട്യ ശരിയെന്ന് തെളിവുണ്ടെന്ന് സംസ്ഥാന സർക്കാരിനു വേണ്ടി രഞ്ചിത് കുമാർ പറഞ്ഞു. ജാമ്യം നല്കുന്നത് നടിയുടെ കുടുംബാംഗങ്ങൾക്കും ഭീഷണിയാണെന്നും മറ്റു കേസുകളെയും ഇത് ബാധിക്കുമെന്നും സംസഥാനം വാദിച്ചു. ഹേമകമ്മിറ്റി റിപ്പോർട്ട് വന്ന ശേഷമാണ് പലർക്കും പരാതി നല്കാൻ ധൈര്യം വന്നതെന്ന് നടിയുടെ അഭിഭാഷക വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. ഫെയ്സ്ബുക്കിലൂടെ നടിയെ സിദ്ദിഖാണ് ബന്ധപ്പെട്ടതെന്നും വൃന്ദ ഗ്രോവർ പറഞ്ഞു.
പ്രമാദമായ കേസെന്ന നിലയ്ക്ക് ഉത്തരവിൽ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. പരാതി നല്കിയത് എട്ടു കൊല്ലത്തിനു ശേഷമാണ്. പരാതിക്കു മുമ്പ് തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ നടി ഇക്കാര്യം കുറിച്ചിരുന്നു. ഹേമ കമ്മിറ്റിക്കു മുമ്പാകെയും വിഷയം ഉന്നയിച്ചില്ല. ഇതൊക്കെ പരിഗണിച്ച് ജാമ്യം നല്കുന്നു. പാസ്പോർട്ട് സിദ്ദിഖ് കോടതിയിൽ നല്കണമെന്നും അറസ്റ്റു ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദ്ദേശിച്ചു. സിദ്ദിഖിന് കേസിലെ ഈ വിധിയോടെ ഹേമകമ്മിറ്റിക്കു ശേഷം ഉയർന്ന കേസുകളില്‍ ഉൾപ്പെട്ട എല്ലാവർക്കും മുൻകൂർ ജാമ്യം കോടതികളിൽ നിന്ന് കിട്ടിയിരിക്കുകയാണ്.