നടന് സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി
തിരുവനന്തപുരം: ബലാത്സംഗ കേസ് പ്രതി നടന് സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ ആണ് സിദ്ദിഖ് എത്തിയത്. എന്നാല്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് അറിയിച്ച് സിദ്ദിഖിനെ കന്റോണ്‍മെന്റ് സ്റ്റേഷന്റെ ഭാഗമായ പൊലീസ് കണ്ട്രോള് റൂമിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് പറഞ്ഞുവിട്ടു.
സുപ്രീംകോടതിയില്‍ ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് കാണിച്ച് സിദ്ദിഖ് പൊലിസിന് ഇമെയില്‍ സന്ദേശം കൈമാറിയിരുന്നു. ഇതിന് മറുപടിയായി സിദ്ദിഖിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ നോട്ടീസ് നല്കി. ഇന്ന് ചോദ്യം ചെയ്ത ശേഷം സിദ്ദിഖിനെ വിട്ടയക്കും. സിദ്ദിഖ് മുന്നിലെത്തിയാല്‍ എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പം പൊലിസിന് ഉണ്ടായിരുന്നു. അതേസമയം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായ ആളെ ചോദ്യം ചെയ്യാതെ വിട്ടയച്ചാല്‍ കോടതിയില്‍ നിയമപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതിനാലാണ് സിദ്ദിഖിനോട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുള്ളത്.