Cancel Preloader
Edit Template

ഗോഡ്‌സെയെ തള്ളി എബിവിപിയും; അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാർച്ച്

 ഗോഡ്‌സെയെ തള്ളി എബിവിപിയും; അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാർച്ച്

ഗോഡ്‌സെയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി അധ്യാപികയ്‌ക്കെതിരെ ഒടുവിൽ എബിവിപിയും രംഗത്ത്. ഗാന്ധിഘാതകനെ പ്രകീർത്തിച്ച അധ്യാപിക ഷൈജ ആണ്ടവനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എബിവിപി ക്യാമ്പസിലേക്ക് മാർച്ച് നടത്തി.ഗാന്ധിയെ കൊന്ന ഗോഡ്‌സെയെ തള്ളിപ്പറയുന്നുവെന്നും ആർഎസ്എസും എബിവിപിയും എല്ലാകാലത്തും സ്വീകരിച്ച നിലപാട് ഇതാണെന്നും മാർച്ചിനുശേഷം എബിവിപി നേതാക്കൾ പറഞ്ഞു. ഗോഡ്‌സെ മുമ്പ് ആർഎസ്എസ് പ്രവർത്തകനായിരുന്നല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ആർഎസ്‌എസിന്റെ ഹിന്ദുത്വം അത്രപോരെന്ന് പറഞ്ഞ് സംഘടന വിട്ടുപോയ ആളാണ് ഗോഡ്‌സെയെന്നായിരുന്നു മറുപടി.ഗാന്ധി വധത്തെത്തുടന്ന് ആർഎസ്എസ് നിരോധിക്കപ്പെട്ടുവെന്നത് ആളുകൾ നടത്തുന്ന വ്യാജപ്രചരണമാണെന്നും ഗാന്ധി വധത്തിൽ സംഘടനയ്ക്ക് യാതൊരു പങ്കുമില്ലെന്ന് കപൂർ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

ഗാന്ധി രക്തസാക്ഷിദിനത്തിൽ കോഴിക്കോട് എൻഐടി മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രൊഫസർ ഷൈജ ആണ്ടവൻ എഴുതിയ ഫേസ്ബുക് കമന്റാണ് വിവാദമായത്. ഗോഡ്‌സെയെ വീരനായി അവതരിപ്പിച്ച അഡ്വ. കൃഷ്ണരാജിന്റെ പോസ്റ്റിനു താഴെയാണ് അധ്യാപിക ‘ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെയിൽ അഭിമാനമുണ്ട്’ എന്ന് കമന്റ് ചെയ്തത്.സംഭവം ചർച്ചയായതിനെത്തുടർന്ന് എസ്എഫ്ഐ, കെ എസ് യു, എംഎസ്എഫ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘാടനകളും ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകളും അധ്യാപികയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. എസ്എഫ്ഐ കുന്ദമംഗലം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികയ്‌ക്കെതിരെ ഐപിസി 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ഒടുവിലാണ് എബിവിപി പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *