വിനോദ യാത്രയ്ക്കിടെ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അധ്യാപകന് ദാരുണാന്ത്യം

വിനോദ യാത്രയ്ക്കിടെ കാര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അധ്യാപകന് ദാരുണാന്ത്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഗുല്‍സാര്‍ (44) ആണ് മരിച്ചത്. കൊളപ്പുറം ഗവ. ഹൈസ്‌കൂളിലെ അറബിക് അധ്യാപകനാണ് ഗുല്‍സാര്‍. ഒപ്പമുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കേറ്റു. ഭാര്യ ജസീല(34), മക്കളായ ലസിന്‍ മുഹമ്മദ്(17), ലൈഫ മറിയം(7), ലഹിന്‍ ഹംസ(3), സഹോദരങ്ങളുടെ മക്കളായ ഫില്‍ദ(12), ഫില്‍സ(11) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പെരുന്നാള്‍ കഴിഞ്ഞ് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു കുടുംബം. ബാണാസുര സാഗര്‍ ഡാം സന്ദര്‍ശിച്ച് കാരാപ്പുഴ ഡാമിലേക്ക് പോകുന്നവഴിയായിരുന്നു അപകടം. ഇറക്കം കഴിഞ്ഞുള്ള വളവുകഴിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ കാര്‍ മരത്തിലിടിച്ചാണ് നിന്നത്. അപകടത്തില്‍പ്പെട്ട കാറിനു പിന്നാലെ ഗുല്‍സാറിന്റെ സഹോദരന്‍ സമീലും കുടുംബവും സഞ്ചരിച്ച കാറുമുണ്ടായിരുന്നു.
പ്രദേശവാസികളും വിനോദസഞ്ചാരികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് കൂടുതല്‍പ്പേര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ ലഹിന്‍ ഹംസയെയും ഫില്‍ദയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ലസിന്‍ മുഹമ്മദ്, ലൈഫ മറിയം, ഫില്‍സ എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലേക്കും മാറ്റി.