Cancel Preloader
Edit Template

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

 ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടു.  അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്ക് എന്ന് റിപ്പോർട്ടിൽ . മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകി. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ടെന്നതും പ്രധാനം . ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവ‍ർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ ഉള്ളത് . സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് .

സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സിനിമാ രംഗത്ത് നിശബ്ദരാക്കപ്പെട്ടുവെന്നാണ് മറ്റൊരു വിമ‍ർശനം ഉള്ളത്. മൊഴി നല്‍കാന്‍ സാക്ഷികള്‍ തയ്യാറായത് ഭയത്തോടെ. അതിക്രമം കാട്ടിയ പലരും ഉന്നതരെന്ന്  മൊഴി. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പോലീസിനെ പരാതിയുമായി സമീപിക്കാൻ കഴിയാത്ത സാഹചര്യമാണ് . അങ്ങനെ പരാതി നൽകിയാൽ പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ്. സോഷ്യല്‍ മീഡിയ ആക്രമണവും പരാതി നല്‍കാതിരിക്കാന്‍ ഒരു കാരണമാണെന്ന് സ്ത്രീകൾ. സ്ത്രീകളെ അശ്ലീല ഭാഷയിലൂടെ  സൈബർ ആക്രമണത്തിന് വിധേയരാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മലയാള സിനിമ ചിലരുടെ കൈകളിലാണെന്നും റിപ്പോർട്ട് . ആഭ്യന്തര പരാതി പരിഹാര സമിതികളെ ഈ താരങ്ങൾ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സ്ത്രീകള്‍ എന്തിനും വഴങ്ങുമെന്ന പൊതു കാഴ്ചപ്പാട് സിനിമാ രംഗത്ത്. സിനിമയിലേക്ക് സ്ത്രീകൾ വരുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടിയെന്നാണ് പ്രചാരണമെന്നും റിപ്പോർട്ട്. നടിമാർ പണം ഉണ്ടാക്കാൻ വരുന്നവർ ആണെന്നും ആരുടെ കൂടെയും കിടക്ക പങ്കിടുമെന്ന പൊതുബോധവും നിലവിലുണ്ട്. പ്രശ്നക്കാരിയെന്ന് തോന്നിയാല്‍ ഈ താരങ്ങളെ പിന്നീട് സിനിമയിലേക്ക് വിളിക്കില്ലെന്നും റിപ്പോർട്ടിൽ.

അഭിനയത്തോട് അഭിനിവേശമുള്ള പലരും അതിക്രമങ്ങള്‍ നിശബ്‌ദമായി സഹിച്ചു നിൽക്കുന്നു. അതിക്രമം നേരിട്ട ഒരു നടിയുടെ അനുഭവം റിപ്പോർട്ടിൽ പരാമർശിച്ചു. അതിക്രമം നടത്തിയ ആളിനൊപ്പം തന്നെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കണ്ടി വന്നുവെന്നും അയാളുടെ മുഖം കാണുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം അവർക്ക് 17 റീടേക്ക് പോകേണ്ടി വന്നുവെന്നും റിപ്പോർട്ടിൽ പരാമർശം. ഇതിന്‍റെ പേരിൽ സംവിധായകൻ ശകാരിച്ചുവെന്നും മൊഴിയിൽ പറയുന്നു.

സ്ത്രീകള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും വിമർശനം. പരാതിപ്പെട്ടാൽ താൻ മാത്രം അല്ല, കുടുംബത്തിലെ അടുത്ത അംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഒരാൾ മൊഴി നൽകിയിട്ടുണ്ട്. കാരവൻ സൗകര്യങ്ങൾ നായകനും നായികക്കും മാത്രമാണ്. ഐസിസി അംഗമായവര്‍ വിധേയപ്പെട്ടില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കും. ജൂനിയർ ആർടിസ്റ്റുകൾ പ്രശ്നങ്ങൾ തുറന്ന് പറയാൻ പോലും പേടിച്ചു. മലയാള സിനിമ ഒരു കൂട്ടം സംവിധായകരുടെയും നിർമ്മാതകളുടെയും നടന്മാരുടെയും അധീനതയിലാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട് .

നടിമാരുടെ മുറിയുടെ വാതിലിൽ മുട്ടുന്നത് പതിവാണെന്നാണ് മറ്റൊരു വിമ‍ർശനം. ഷൂട്ടിങ് സെറ്റുകളിൽ കുടുംബത്തിൽ ഉള്ളവരെ ഒപ്പം കൊണ്ട് പോകേണ്ട അവസ്ഥയാണ്. മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സെറ്റില്‍ സ്ത്രീകള്‍  വെള്ളം കുടിക്കാതെ നില്‍ക്കുന്നു. പല സ്ത്രീകള്‍ക്കും യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്.

ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *