Cancel Preloader
Edit Template

പുതിയ ന്യൂനമര്‍ദ്ദം, 2 ദിവസത്തിനുള്ളിൽ ശക്തിപ്രാപിക്കും, കേരളത്തിൽ അതിശക്തമായ മഴ തുടരും

 പുതിയ ന്യൂനമര്‍ദ്ദം, 2 ദിവസത്തിനുള്ളിൽ ശക്തിപ്രാപിക്കും, കേരളത്തിൽ അതിശക്തമായ മഴ തുടരും

തിരുവനന്തപുരം:കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഈ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താൻ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വടക്കു കിഴക്കൻ അറബിക്കടലിൽ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയുന്നുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഇതിന്‍റെ ഫലമായിട്ടാണ് കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായി ഇടി, മിന്നല്‍,കാറ്റ് എന്നിവയോടെയുള്ള ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും (18 & 19 ജൂലൈ) അതിശക്തമായ മഴയ്ക്കും അടുത്ത നാലു ദിവസം ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

കനത്തമഴയുടെ പശ്ചാത്തലത്തിൽ ഇന്ന് വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വിലങ്ങാടുള്ള സ്കൂളുകൾക്കും അവധിയാണ്. റോഡിൽ വെള്ളക്കെട്ട് ഉണ്ടായതുമൂലമാണ് അവധി പ്രഖ്യാപിച്ചത്. ചേവായൂര്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ഹൈസ്‌കൂള്‍, കോഴിക്കോട് ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടുളി ജിഎല്‍പി സ്‌കൂള്‍, മുട്ടോളി ലോലയില്‍ അങ്കണവാടി ഇവിടെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലും അവധിയാണ്.
അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

19-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

19-07-2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്
20-07-2024: കോഴിക്കോട്, കണ്ണൂർ, കാസര്‍കോട്
21-07-2024: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *