കടുവ ചത്ത സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്
കണ്ണൂരിലെ കൊട്ടിയൂരില്‍ കടുവ കമ്പി വേലിയില്‍ കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് വനംവകുപ്പ്. കടുവ കമ്പി വേലിയില്‍ അല്ല കുടുങ്ങിയതെന്നും കേബിള്‍ കെണിയിലാണ് കുടുങ്ങിയതെന്നുമാണ് ഇപ്പോള്‍ വനംവകുപ്പ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കൊട്ടിയുർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അന്വേഷണം തുടങ്ങി. പന്നികളെ ലക്ഷ്യമിട്ട് ആരോ വച്ച കെണി ആണെന്നാണ് വനം വകുപ്പ് കരുതുന്നത്. അതേസമയം, സംഭവത്തിൽ ഉടമ സ്ഥലത്ത് ഇല്ലാത്തതിനാൽ മൊഴി എടുക്കുന്നതിന് നോട്ടീസ് നൽകും.
കെണിയിൽ കുടുങ്ങിയതോടെ കടുവ പിടഞ്ഞതിനാൽ പേശികൾക്ക് പരിക്കേറ്റു എന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കടുവയെ മയക്കുവെടി വെച്ചതിനുശേഷം മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചത്തുപോവുകയായിരുന്നു ആന്തരികാവയവങ്ങളിലെ അണുബാധയാണ് മരണത്തിന് കാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ പറഞ്ഞിരുന്നത്. ഇതിനുപിന്നാലെയാണിപ്പോള്‍ കടുവ കുടുങ്ങിയത് തോട്ടത്തില്‍ സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയാണെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. കെണിയില്‍ കുടുങ്ങിയപ്പോഴുള്ള സമ്മര്‍ദവും കടുവയുടെ മരണകാരണമായിട്ടുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി. കൊട്ടിയൂര്‍ ആര്‍എഫ്ഒ സുധീര്‍ നരോത്തിനാണ് അന്വേഷണ ചുമതല. കടുവ ചാകാൻ കാരണം ശ്വാസകോശത്തിലെ അണുബാധയെന്ന് പോസ്റ്റ്‍മോർട്ടത്തിലെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയില്‍ മൃഗശാലയിലേക്ക് മാറ്റുന്നതിനിടെയാണ് പിടികൂടിയ കടുവ ചത്തത്. കണ്ണൂർ കൊട്ടിയൂരിലെ പന്നിയാംമലയിൽ നിന്നാണ് കടുവയെ പിടികൂടിയത്. കടുവ മണിക്കൂറികൾക്കുള്ളിൽ ചത്തത് മയക്കുവെടി കാരണമല്ലെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കുടുക്കില്‍നിന്ന് രക്ഷപ്പെടാനുള്ള പരാക്രമത്തിനിടെ കടുവയുടെ പേശികൾക്കും പലയിടത്തും പരിക്കേറ്റിരുന്നു. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എൻ ടി സി എ പ്രോട്ടോകോൾ പ്രകാരം മൂന്ന് ഡോക്ടർമാരും ഡിഎഫ്ഒയുമടങ്ങുന്ന അഞ്ചംഗ സമിതിയാണ് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയത്. കടുവയുടെ ആന്തരാവയങ്ങൾ കൂടുതൽ പരിശോധനയ്ക്കയക്കും. സംഭവത്തിൽ അന്വേഷണം നടത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡനെ വനം മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മയക്കുവെടി വച്ച് പിടിക്കുന്ന മൃഗങ്ങൾ തുടരെ മരിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയർത്തുന്നത്. രണ്ട് മാസം മുൻപ് കണ്ണൂർ പാനൂരിൽ നിന്ന് പിടികൂടിയ പുലിയും മയക്കുവെടിക്ക് പിന്നാലെ ചത്തിരുന്നു.