അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി, ഈശ്വര്‍ മല്‍പെക്ക് പൊലിസ് അനുമതി നല്‍കിയില്ല

ബംഗളുരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതോടെ തെരച്ചില്‍ വീണ്ടും പുനരാരംഭിക്കാമെന്ന് ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നെങ്കിലും ഇന്നലെ രാത്രി മുതല്‍ മഴ ശക്തമായതോടെയാണ് തിരിച്ചടിയായത്.
മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ ഇന്ന് സംഭവസ്ഥലത്തെത്തി പുഴയില്‍ ഇറങ്ങി പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും രാവിലെ പൊലിസ് അനുമതി നല്‍കിയില്ല. വിദഗ്ധ സഹായമില്ലാതെ മല്‍പെയെ പുഴയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നാണ് ജില്ലാ ഭരണകൂടവും പറയുന്നത്.
ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ഷിമോഗ എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുടക്, ചിക്കമംഗളൂരു, ബെല്‍ഗാം എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കന്നഡയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ തെരച്ചില്‍ നിലച്ച സ്ഥിതിയാണ്.