Cancel Preloader
Edit Template

ഗംഗാവലി പുഴയുടെ ഒഴുക്ക് കുറക്കാൻ സാധ്യത പരിശോധിച്ച് നാവികസേന; ട്രക്കിന്റെ സ്ഥാനം കണ്ടെത്താൻ ഐബോഡ് പരിശോധന

 ഗംഗാവലി പുഴയുടെ ഒഴുക്ക് കുറക്കാൻ സാധ്യത പരിശോധിച്ച് നാവികസേന; ട്രക്കിന്റെ സ്ഥാനം കണ്ടെത്താൻ ഐബോഡ് പരിശോധന

ബെംഗളൂരു : മണ്ണിടിച്ചിലിൽ ഉത്തര കന്നഡയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുടെ ദൌത്യം നിർണായക ഘട്ടത്തിൽ. ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഐബോഡ് ഉപയോഗിച്ച് പരിശോധന നടത്തും. പന്ത്രണ്ടരയോടെ ഈ പരിശോധന തുടങ്ങുമെന്നാണ് വിവരം. ഡ്രോൺ ഇപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.

ഐബോഡ് സംവിധാനത്തിന്‍റെ ബാറ്ററികൾ ദില്ലിയിൽ നിന്നും രാജധാനി എക്സ്പ്രസിൽ എത്തിക്കുന്നുണ്ട്.കാർവാർ സ്റ്റേഷനിൽ എത്തി.കാർവാർ സ്റ്റേഷനിൽ നിന്ന് ഇപ്പോൾ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് ഏതാണ്ട് ഒരു മണിക്കൂർ ദൂരമുണ്ട്. ഒന്നര മണിക്കൂറിനുള്ളിൽ ബാറ്ററി എത്തിച്ച ശേഷം അരമണിക്കൂറിനകം ഐബോഡ് ഡ്രോൺ നിരീക്ഷണ സംവിധാനം അസംബിൾ ചെയ്ത് പ്രവർത്തനം തുടങ്ങുമെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം.

പുഴയുടെ ഒഴുക്ക് കുറക്കുന്നതും പരിഗണനയിൽ
നിലവിൽ നേവി സംഘം നേരിടുന്ന പ്രധാന വെല്ലുവിളി ഗംഗാവലി പുഴയുടെ അടിയൊഴുക്കാണ്. പുഴയുടെ ഒഴുക്കിന്‍റെ ശക്തി അടക്കം ഗ്രൗണ്ട് റിപ്പോ‍ർട്ടുകൾ അനുസരിച്ചാകും തുടർനടപടികൾ നാവിക സേന സ്വീകരിക്കുക. നിലവിൽ 6 നോട്ട് സ്പീഡിലാണ് ഗംഗാവലിപ്പുഴയുടെ ഒഴുക്ക്. അത് പകുതിയോളം കുറയ്ക്കാനാകുമോ എന്ന് പരിശോധിക്കും. കുത്തൊഴുക്ക് കുറയ്ക്കാനുള്ള സാധ്യതകൾ നാവികസേന പരിശോധിക്കുന്നുണ്ട്. റെഗുലേറ്റർ ബ്രിഡ്ജുകളോ ചെക്ക് ഡാമുകളോ അടച്ച് ഒഴുക്കിന്‍റെ ശക്തി കുറയ്ക്കാനാകില്ല. എല്ലാ ചെക്ക് ഡാമുകളും നിറഞ്ഞൊഴുകുന്ന സാഹചര്യത്തിൽ ഷട്ടറുകളും അടയ്ക്കാൻ കഴിയില്ല. താൽക്കാലിക രീതിയിൽ മാത്രമേ ഒഴുക്ക് നിയന്ത്രിക്കാൻ കഴിയൂ. അത് എങ്ങനെ വേണമെന്ന് ഗ്രൗണ്ട് റിപ്പോർട്ടിനനുസരിച്ച് തീരുമാനിക്കും. നാവികസേനയാകും താൽക്കാലിക ചെക്ക് ഡാമുണ്ടാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കാർവാർ നാവികസേനാ ആസ്ഥാനത്ത് നിന്നാണ് ഇതിനുള്ള ഉപകരണങ്ങൾ കൊണ്ട് വരേണ്ടത്.

ഇന്നലെ ലോറി കണ്ടെത്തിയ ഭാഗത്ത് സ്കൂബാ ഡൈവർമാർ ഇറങ്ങാൻ ശ്രമിച്ചെങ്കിലും കനത്ത മഴയും ശക്തമായ അടിയൊഴുക്കും കലങ്ങി മറിഞ്ഞ് ഒഴുകുന്ന പുഴയും പ്രതികൂലഘടകങ്ങളായി.

ഷിരൂരിൽ കനത്ത മഴ
അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമാണ്. ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടർന്നാൽ തെരച്ചിൽ ദൗത്യം ദുഷ്കരമാകും. കരയ്ക്കും പുഴയിലെ മൺകൂനയ്ക്കും ഇടയിലുളള സ്ഥലത്താണ് ഇന്നലെ ട്രക്ക് കണ്ടെത്തിയത്. കനത്ത മഴയ്ക്കൊപ്പം കാറ്റ് കൂടി എത്തിയതോടെ ഇന്നലെ തെരച്ചിലും മണ്ണ് നീക്കലും നിർത്തിവച്ചിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *