രണ്ടു ജില്ലകളിൽ റെഡ് അലർട്ട്; 5 ഡാമുകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ഒഡിഷക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമര്‍ദം ദുര്‍ബലമായതിനു ശേഷം ഏകദേശം ജൂലൈ 19 ന് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി ഈ സമയത്തു അറബിക്കടലിലെ കാലവര്‍ഷക്കാറ്റ് സജീവമായി തന്നെ തുടരാനും കേരളത്തില്‍ വ്യാപകമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനപ്രകാരം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തിയാര്‍ജിച്ച് വടക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ സമയങ്ങളില്‍ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാനത്ത് മഴ കനത്തതോടെ 5 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കല്ലാര്‍ക്കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍ ഡാമുകളിലും തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത് ഡാമിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതില്‍ കല്ലാര്‍ക്കുട്ടി, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളുടെ സ്പില്‍വേകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതായി കെ.എസ്.ഇ.ബി അറിയിച്ചു.
റെഡ് അലർട്ട്
16-07-2024: കോഴിക്കോട്, കണ്ണൂർ
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഓറഞ്ച് അലർട്ട്
16-07-2024: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസറഗോഡ്
17-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
18-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
19-07-2024: കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
16-07-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
17-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
18-07-2024: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്
19-07-2024: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
20-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.