Cancel Preloader
Edit Template

പി.എസ്.സി കോഴ വിവാദം; സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ഇന്ന്

 പി.എസ്.സി കോഴ വിവാദം; സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ഇന്ന്

കോഴിക്കോട്: പി.എസ്.സി അംഗത്വം നൽകാമെന്ന് പറഞ്ഞ് കോഴ വാങ്ങിയ കേസിൽ അടിയന്തര സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയോഗം ഇന്ന് ചേരും. കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന പ്രമോദ് കോട്ടൂളിക്കെതിരെ ജില്ലാ കമ്മറ്റിയിൽ നടപടിയുണ്ടാകും. കോഴയിൽ പാർട്ടിക്ക് പങ്കില്ലെന്നും അന്വേഷണമൊന്നും നടന്നില്ലെന്നും സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ആവർത്തിക്കുമ്പോഴും ഇന്ന് നടക്കുന്ന ജില്ലാ കമ്മിറ്റി നിർണായകമാകും. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിന്റേയും ടൗൺ ഏരിയാ കമ്മിറ്റിയോഗത്തിന്റേയും തീരുമാനങ്ങളാണ് ഇന്നത്തെ സി.പി.എം ജില്ലാകമ്മിറ്റി ചർച്ച ചെയ്യുക.

പി.എസ്.സി കോഴക്കേസ് പാർട്ടി തള്ളിയ സാഹചര്യത്തിൽ പ്രമോദ് കോട്ടൂളിയുടെ പേരിൽ മറ്റു കുറ്റങ്ങൾ ചാർത്തിയാകും നടപടിയുണ്ടാകുക. ടൗൺ ഏരിയാ കമ്മിറ്റി അംഗമായ പ്രമോദ് നടത്തിവരുന്ന പ്രവർത്തനങ്ങളിൽ പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായ ചില കാര്യങ്ങൾ ഉണ്ടായതായും റിയൽ എസ്‌റ്റേറ്റ് മാഫിയകളുമായി ബന്ധമുണ്ടെന്നും പാർട്ടി കണ്ടെത്തിയതായി ചൂണ്ടിക്കാട്ടിയാകും നടപടി.

ബി.ജെ.പി നേതാക്കളുമായി ചില ഇടപാടുകൾ നടത്തിയെന്ന ആരോപണവും നടപടിക്ക് കാരണമായി പറയും. ഇയാളെ പാർട്ടി കമ്മിറ്റികളിൽ നിന്ന് തൽക്കാലം നീക്കംചെയ്ത് തടിയൂരാനാണ് സി.പി.എം ശ്രമം. ഏരിയാ കമ്മിറ്റി അംഗത്വം, കമേഴ്‌സ്യൽ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടിയു) ജില്ലാ സെക്രട്ടറി സ്ഥാനം തുടങ്ങിയവയിൽനിന്ന് നീക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം.

സംഭവത്തിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടത് പ്രകാരം പ്രമോദ് ജില്ലാനേതൃത്വത്തിന് കഴിഞ്ഞ ദിവസം വിശദീകരണം നൽകിയിരുന്നു. ഏരിയാ കമ്മിറ്റി അംഗം മാത്രമായ താൻ ഇത്തരത്തിൽ ലക്ഷങ്ങളുടെ കോഴക്കേസിൽ ഇടപെട്ടിട്ടില്ലെന്നും പരാതിക്കാരെ അറിയില്ലെന്നുമാണ് പ്രമോദിന്റെ വിശദീകരണം. കോഴ വിവാദത്തിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പൊലിസ് കമ്മിഷണർ രാജ്പാൽ മീണക്ക് പരാതി നൽകിയിരുന്നു. ഈ പരാതി മെഡിക്കൽ കോളജ് അസി. കമ്മിഷണറോട് അന്വേഷിക്കാൻ കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *