സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടും’ ; കെ.കെ രമ

‘
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ. പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടുമെന്ന് അവര്‍ വ്യക്തമാക്കി. കോടതി വിധിക്ക് സര്‍ക്കാര്‍ പുല്ലുവിലയാണ് കല്‍പിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ശിക്ഷ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതികള്‍ സര്‍ക്കാരിന് എത്രത്തോളം പ്രിയപ്പെട്ടവരെന്ന് തെളിയിക്കുന്നതാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേസില്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ പ്രതികള്‍ക്കൊപ്പമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മൂന്നു പ്രതികളെ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയില്‍ ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പൊലിസ് റിപ്പോര്‍ട്ട് തേടി.
കത്തിന്റെ പകര്‍പ്പ് പുറത്തു വന്നിട്ടുണ്ട്. ഹൈക്കോടതി വിധി മറി കടന്നാണ് സര്‍ക്കാര്‍ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീല്‍ തള്ളിയാണ് ശിക്ഷ വര്‍ദ്ധിപ്പിച്ചത്. ഇത് മറികടന്നാണ് സര്‍ക്കാര്‍ ശിക്ഷാ ഇളവുമായി വരുന്നത്.
ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള മാര്‍ഗനിര്‍ദേശം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കൊലയാളി സംഘത്തിലെ മൂന്ന് പേര്‍ക്ക് ശിക്ഷ നല്‍കാനുള്ള നീക്കം ആരംഭിച്ചതെന്നാണ് സൂചന. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരുടെ പട്ടിക ജയില്‍ ഉപദേശക സമിതി തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിലാണ് ടി.പി കേസിലെ മൂന്ന് പ്രതികളുടെയും പേര് ഉള്‍പ്പെട്ടിട്ടുള്ളത്. തുടര്‍ച്ചയായി 20 വര്‍ഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചവരാണ് ഈ മൂന്ന് പ്രതികളും.